തമിഴകത്തിന്റെ തല അജിത്തിന്റെ കരിയറില്‍ സുപ്രധാനമായ വഴിത്തിരിവായത് ദീന എന്ന ചിത്രമാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷമാണ് അജിത്തിന് ‘തല’ എന്ന് വിളിപ്പേര് പോലും ലഭിച്ചത്.
ആ ചിത്രത്തില്‍ അജിത്തിന്റെ ജ്യേഷ്ഠനും ഗുരുവും എല്ലാമെല്ലാമായി അഭിനയിച്ചത് മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി ആയിരുന്നു. 1993 ല്‍ ജോമോന്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി യാദവം എന്ന സിനിമ ആണ് ദീന എന്ന പേരില്‍ മാറ്റങ്ങളോടെ തമിഴില്‍ അവതരിപ്പിച്ചത്.
അജിത്തിന്റെ വില്ലത്തരങ്ങളുടെയെല്ലാം ഗുരുവായി സുരേഷ് ഗോപി നിറഞ്ഞാടിയപ്പോള്‍ പടം സൂപ്പര്‍ഹിറ്റായി. ഇപ്പോഴിതാ അജിത്തും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത്‌വന്നുകൊണ്ടിരിക്കുന്നത്.
അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന സൂചന ലഭിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘തീരന്‍ അധികാരം ഒണ്‍ട്ര്’ സംവിധാനം ചെയ്തത് വിനോദ് ആയിരുന്നു.
ചിത്രത്തില്‍ അജിത് ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. അജിത്തിന്റെ ഗോഡ്ഫാദറെന്ന് വിശേഷിപ്പിക്കാവുന്ന റോളാണ് മമ്മൂട്ടിക്ക് എന്നാണ് അറിയുന്നത്.
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എആര്‍ റഹ്മാനാണ് സംഗീതം.