തിയ്യറ്ററുകളില്‍ മികച്ച അഭിപ്രായവും തകര്‍പ്പന്‍ കളക്ഷനും നേടി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം റോഷാക്ക് ഗംഭിര വിജയം കൊയ്യുന്നു. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു റോഷാക്ക്. ഒക്ടോബര്‍ 7 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തീയ്യറ്ററുകളില്‍ നിന്നു കിടിലന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു.
ആദ്യ ദിനത്തില്‍ 2.6 കോടിയാണ് ചിത്രം നേടിയത്. ആദ്യ വാരാന്ത്യം കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഇതേകാലയളവില്‍ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
പ്രൊമോഷനുകള്‍ ഉള്‍പ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയിലെ റിലീസിനൊപ്പം ചിത്രം എത്തിയിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയ്‌ക്കൊപ്പം യൂറോപ്പിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തി. യൂറോപ്പില്‍ യുകെ, അയര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, മാള്‍ട്ട, മോള്‍ഡോവ, ജോര്‍ജിയ, ലക്‌സംബര്‍ഗ്, പോളണ്ട്, ബെല്‍ജിയം, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം തുടങ്ങിയത്.
മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിച്ച ചിത്രം വ്യത്യസ്ത പരീക്ഷണമാണെന്ന് മമ്മൂട്ടി തന്നെ റിലീസിന് മുന്‍പ് വ്യക്തമാക്കിയിരുന്നു. അതേസമയം, ചിത്രത്തിന്റെ കേരളത്തിലെ സ്‌ക്രീന്‍ കൗണ്ട് 219 ആയിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും ഒരു സ്‌ക്രീന്‍ പോലും കുറയാതെ അതേ സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. രണ്ടാം വാരവും കേരളത്തില്‍ ചിത്രത്തിന് 219 സ്‌ക്രീനുകള്‍ ഉണ്ട്. ഇതില്‍ 209 സെന്ററുകള്‍ റിലീസ് ചെയ്തവയും മറ്റ് 10 സ്‌ക്രീനുകള്‍ ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നവയുമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
നിസാം ബഷീര്‍ സംവിധാനം ചെയ്തിരിക്കുന്ന റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. സിനിമയില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഓരോ ഫ്രെയ്മിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തില്‍ നിരവധി സസ്പെന്‍സ് എലമെന്റുകളും സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആഭിപ്രായം ഉണ്ട്.