കുടുംബ കഥകളും തനി നാടന്‍ കഥാപാത്രങ്ങളുമായെത്തി മലയാളി പ്രേക്ഷകനെ ചിരിപ്പിച്ച സംവിധായകനാണ് സത്യന് അന്തിക്കാട്. മോഹന്‍ലാല്‍, ജയറാം, ശ്രീനിവാസന് എന്നിവരോടോപ്പം ഒന്നിച്ചപ്പോഴൊക്കെ മികച്ച വിജയങ്ങള്‍ സൃഷ്ടിക്കാന്‍ സത്യന് അന്തിക്കാടിനു കഴിഞ്ഞിരുന്നു.
ബോക്സോഫീസ് ഹിറ്റുകള്‍ വച്ച് നോക്കുമ്പോള്‍ എന്നാല്‍ അത്രയൊന്നും വിജയിച്ചതല്ല സത്യന് അന്തിക്കാട് – മമ്മൂട്ടി കൂട്ടുകെട്ട്. വലിയ വിജയങ്ങള്‍ ഉണ്ടായില്ലെങ്കിലും പ്രേക്ഷകരെ അത്ര നിരാശരാക്കിയിട്ടുമില്ല ഈ കൂട്ടുകെട്ടില്‍ വന്ന ചിത്രങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ സിനിമാ ലോകത്തെ ഒരു ചര്‍ച്ച മമ്മൂട്ടിയും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുമോയെന്നതാണ്? അത്തരത്തിലുള്ള ചില വാര്‍ത്തകള്‍ അണിയറയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉടനെ അത്തരമൊരു പ്രൊജക്ടിന് സാധ്യതയില്ല എന്നാണ് സൂചന.
1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഒരാള്‍ മാത്രം എന്ന സിനിമയാണ് മമ്മൂട്ടി – സത്യന് കൂട്ടുകെട്ടില്‍ അവസാനം വന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്ന് വിട്ടുമാറി വിരലിലെണ്ണാവുന്ന സിനിമകളേ സത്യന് അന്തിക്കാട് സംവിധാനം ചെയ്തിട്ടുള്ളൂ. അതിലൊന്നായിരുന്നു ഒരാള്‍ മാത്രം.
മമ്മൂട്ടി സത്യന് കൂട്ടുകെട്ടില്‍ വന്ന മറ്റു ചിത്രങ്ങള്‍ ഗോളാന്തരവാര്‍ത്ത, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, കളിക്കളം, കനല്‍ക്കാറ്റ്, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ളൂര്‍ നോര്‍ത്ത് എന്നിവയാണ്.