അങ്ങ് അഭിനയിക്കാൻ വരുമ്പോൾ ആളുകൂടാത്ത ഒരു സ്ഥലം കേരളത്തിൽ ഏതാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ ലൊക്കേഷൻ നോക്കാം: ചൂടായ മമ്മൂട്ടിയുടെ മുഖത്ത്‌നോക്കി ലാൽ ജോസ്

27

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉദ്യാനപാലകൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ലോഹിതദാസ് തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്തത് ഹരികുമാറായിരുന്നു.

ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഇന്നത്തെ സൂപ്പർഹിറ്റ് സംവിധായകനായ ലാൽ ജോസ്. ഉദ്യാനപാലകൻറെ ലൊക്കേഷനുകളെല്ലാം കണ്ടെത്തിയതും തീരുമാനിച്ചതും ലാൽ ജോസായിരുന്നു.

Advertisements

വാടാനംകുറിശ്ശിയിലെ ഒരു തയ്യൽക്കടയായിരുന്നു ചിത്രത്തിൻറെ ഒരു പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ സുധാകരൻ എന്ന കഥാപാത്രം കൂടുതൽ സമയം ചെലവഴിക്കുന്ന ഒരു തയ്യൽക്കടയാണത്.

ലൊക്കേഷൻ വളരെ കറക്ട് ആയതുകൊണ്ട് ലാൽ ജോസ് അത് ഫിക്‌സ് ചെയ്തു. എന്നാൽ അവിടെ ഒരു അപകടം പതിയിരിക്കുന്നത് ലാൽ ജോസ് അപ്പോൾ ശ്രദ്ധിച്ചില്ല.

ആ കടയുടെ തൊട്ടടുത്തായി ഒരു റെയിൽവേ ലെവൽക്രോസ് ഉണ്ട്. ട്രെയിൻ കടന്നുപോകുമ്പോൾ ഗേറ്റ് അടയ്ക്കും. അപ്പോൾ റോഡിന് ഇരുവശത്തും വാഹനങ്ങൾ വന്ന് നിറയും.

ഷൂട്ടിംഗിനായി മമ്മൂട്ടി ലൊക്കേഷനിലെത്തിയ സമയത്തായിരുന്നു കഷ്ടകാലത്തിന് ട്രെയിൻ വന്നത്. പതിവുപോലെ ഗേറ്റ് അടച്ചു. നൂറുകണക്കിന് വാഹനങ്ങൾ വന്ന് ഇരുവശത്തും നിറഞ്ഞു.

മമ്മൂട്ടിയെ കണ്ടതും ഈ വാഹനങ്ങളിൽ നിന്നിറങ്ങിയ ആയിരക്കണക്കിന് ജനങ്ങൾ ആർപ്പുവിളിച്ച് ചുറ്റുംകൂടി. ഇത് കണ്ട് ദേഷ്യത്തോടെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.

ഏത് വിഡ്ഢിയാണ് ഈ ലൊക്കേഷൻ കണ്ടെത്തിയത്?’ എന്ന് എല്ലാവരുടെയും മുമ്പിൽ ഉറക്കെ ചോദിച്ചു. ആ നിമിഷം ഭൂമി പിളർന്ന് താൻ താണുപോയിരുന്നെങ്കിലെന്ന് ലാൽ ജോസ് ആഗ്രഹിച്ചു.

പതിയെ കൈ ഉയർത്തി താനാണ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് ലാലു അറിയിച്ചു. ഇവിടെ ഇത്രയും ആളുകൾ കൂടുമെന്ന് തനിക്കറിയില്ലായിരുന്നോ? എന്ത് സെൻസിലാണ് ഇത് ചെയ്തത്? എന്നായി മമ്മൂട്ടിയുടെ ചോദ്യം.

ആ വിഷമഘട്ടത്തിലും ലാൽ ജോസ് രണ്ടും കൽപ്പിച്ച് മമ്മുക്ക, ഒരു സംശയം ചോദിച്ചോട്ടേ? എന്ന് മമ്മൂട്ടിയോട് അഭ്യർത്ഥിച്ചു. എന്താണെന്ന ഭാവത്തിൽ മമ്മൂട്ടി നോക്കി.

”അങ്ങ് അഭിനയിക്കാൻ വരുമ്പോൾ ആളുകൂടാത്ത ഒരു സ്ഥലം ഈ കേരളത്തിൽ ഏതാണെന്ന് പറഞ്ഞാൽ ഞാൻ അവിടെ ലൊക്കേഷൻ നോക്കാം. അങ്ങ് മെഗാസ്റ്റാറാണ്.

എവിടെ അഭിനയിക്കാൻ വന്നാലും അവിടെ ആളുകൂടും. ഷൂട്ട് ചെയ്യുന്ന സമയത്ത് ഫ്രെയിമിൽ നിന്ന് ആളുകളെ മാറ്റുന്ന കാര്യം ഞങ്ങൾ ചെയ്‌തോളാം എന്ന് പറഞ്ഞു.

ലാൽ ജോസിന്റെ മറുപടി കേട്ടതും മമ്മൂട്ടി പൊട്ടിച്ചിരിച്ചു. അങ്ങനെ ആ സന്ദർഭത്തിന് ഒരു അയവുവന്നു. ഉദ്യാനപാലകൻ ആ ലൊക്കേഷനിൽ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു.

Advertisement