പ്രേക്ഷകരുടെ ഇഷ്‌ടങ്ങള്‍ മനസ്സിലാക്കി ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ സംവിധായകന്‍ പുതുമുഖമാണെങ്കില്‍ കൂടി ഡേറ്റ് നല്‍കുന്നയാളാണ് മലയാളത്തിന്റെ മെഗാസ്‌റ്റാര്‍.
കുറച്ചു നാളുകളായി ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം തന്നെ പരിശോധിച്ചാല്‍ അതിന്റെ ആഴം നമുക്ക് മനസ്സിലാക്കാനും കഴിയും.
പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ഇപ്പോള്‍ മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ‘കാട്ടാളന്‍ പൊറിഞ്ചു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്.
‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ഹിറ്റ് സിനിമ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ ആയതുകൊണ്ടുതന്നെ ഇതില്‍ പ്രേക്ഷകര്‍ക്ക് വന്‍പ്രതീക്ഷയാണുള്ളത്.
1980കളില്‍ തൃശൂരില്‍ ജീവിച്ചിരുന്ന വ്യക്തിയുടെ ജീവിതകഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകസ്‌മികമായി സംഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍ ഉണ്ടാകുക എന്നാണ് സൂചനകള്‍.
ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് കാട്ടാളന്‍ പൊറിഞ്ചു ആയിട്ടായിരിക്കുമെന്ന് സംവിധായകന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്ബിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ചില വാര്‍ത്തകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നു.