മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മീ ടൂ മുവ്‌മെന്റിന് പിന്തുണയുമായി രംഗത്ത്.
മീ ടു അടക്കമുള്ള നിരവധി കാര്യങ്ങൾ സിനിമയിൽ മാറ്റം കൊണ്ടുവരികയാണെന്നും ഇത്തരം മൂവ്മെന്റുകൾ നല്ലതാണെന്നും മമ്മൂട്ടി പറഞ്ഞു.
ഇത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നറിയുന്നത് ഏറെ വൈകിയാണ്. എങ്കിൽ പോലും അത്തരമൊരു മൂവ്മെന്റ് തീർച്ചയായും നല്ലത് തന്നെയാണ് എന്നും മമ്മൂട്ടി പറഞ്ഞു.
മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോളിവുഡിൽ സൂപ്പർതാരങ്ങൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുമ്പോൾ മലയാളത്തിൽ താങ്കളടക്കമുള്ള വലിയ താരങ്ങൾ നാലും അഞ്ചും സിനിമകൾ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും താരം മറുപടി നൽകി.
മറ്റ് സിനിമാ ഇൻഡ്സ്ട്രികളെ അപേക്ഷിച്ച് മലയാളം വളരെ ചെറിയ ഇൻഡസ്ട്രിയാണ്. ഇവിടെ സിനിമകൾ പരമാവധി അറുപതോ എഴുപതോ ദിവസങ്ങൾ മാത്രമാണ് എടുക്കുന്നത്. അപൂർവം ചില സിനിമകൾ നൂറ് ദിവസം വരെ എടുക്കും.
ഒരു സിനിമ പൂർത്തിയാക്കാൻ ഇത്ര ദിവസം മാത്രമെടുക്കുമ്പോൾ വർഷത്തിലെ മറ്റ് ദിവസങ്ങൾ ഇവിടെയുള്ള ആക്ടേഴ്‌സ് മറ്റ് എന്ത് ചെയ്യാനാണ്.
സിനിമ ചെയ്യുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അമ്പരപ്പിക്കുന്നതും, ആകർഷിക്കുന്നതുമായ സിനിമ ചെയ്യുക എന്നതാണ്. ഹിന്ദിയിൽ ഇത് പോലെയല്ല. മമ്മൂട്ടി പറഞ്ഞു.
സിനിമ, സാമൂഹ്യസേവനം, കുടുംബം, ബിസിനസ് ഇതെല്ലാം ഒരു ദിവസത്തിൽ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ഒരു ദിവസത്തിൽ 8 മണിക്കൂർ ഉറക്കത്തിന് മാറ്റിവെച്ചാൽ പോലും ബാക്കി സമയം ഉണ്ടല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അഭിനയത്തോട് മാത്രമാണ് എന്നും പാഷൻ. അഭിനയത്തിന് വേണ്ടി തന്നെയാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. സാമൂഹ്യ സേവനം ഉണ്ട്. പിന്നെ കൂടുതൽ ബിസിനസ് ഒന്നും ഇല്ല. വീട്ടിൽ ഭർത്താവും അച്ഛനുമാണ്.
ദുൽഖറിന്റെ കരിയറിനെ കുറിച്ചുള്ള ചോദ്യത്തിന് അച്ഛന്റെ റോൾ മാത്രമാണ് താൻ ചെയ്യുന്നതെന്നും കരിയറും കഥാപാത്രവും തെരഞ്ഞെടുക്കുന്നത് അവൻ തന്നെയാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മാമാങ്കം സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മാമാങ്കം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും എൺപത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
വടക്കൻ വീരഗാഥ, പഴശിരാജ എന്നീ സിനിമകൾക്ക് ശേഷം താൻ അഭിനയിക്കുന്ന കളരി പശ്ചാത്തലമുള്ള ചിത്രമാണ് മാമാങ്കമെന്നും മമ്മൂട്ടി പറയുന്നു.
കമ്പ്യൂട്ടർ ഗ്രാഫിക്സുകളേയും വിഎഫ്എക്സിനേയും അധികം ആശ്രയിക്കാതെ പരമാവധി റിയാലിറ്റിയിൽ നിന്നുകൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മാണം.