മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രിയദർശൻ അഞ്ചിൽ താഴെ ചിത്രങ്ങളാണ് എടുത്തിട്ടുള്ളത്.
മമ്മൂട്ടിയെ നായകനാക്കിയുള്ള കഥകൾ കിട്ടാനുള്ള വൈഷമ്യത്തേക്കുറിച്ച് പ്രിയൻ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
എങ്കിലും രാക്കുയിലിൻ രാഗസദസിലും മേഘവുമൊക്കെ ഇപ്പോഴും പ്രേക്ഷകർക്കിഷ്ടമുള്ള മമ്മൂട്ടി പ്രിയൻ സിനിമകളാണ്.
എന്നാൽ ഇനിയൊരു പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമോ? അതിനുള്ള സാധ്യതകൾ കുറവാണെന്ന് കുഞ്ഞാലിമരക്കാർ എന്ന പ്രൊജക്ടിനെ മുൻനിർത്തി സിനിമാ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
മമ്മൂട്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു കുഞ്ഞാലി മരക്കാർ. മോഹൻലാലും അത് സ്വപ്നമായി കൊണ്ടുനടന്നിരുന്നു. എന്നെങ്കിലും അത് സിനിമയായി ചെയ്യണമെന്ന് അവർ ആഗ്രഹിച്ചു.
മമ്മൂട്ടി പ്രൊജക്ട് ആണ് ആദ്യം പ്രഖ്യാപിച്ചത്, സന്തോഷ് ശിവൻറെ സംവിധാനത്തിൽ. എന്നാൽ ആ സമയത്തുതന്നെ കുഞ്ഞാലിമരക്കാർ പ്ലാൻ ചെയ്തുവരികയായിരുന്നു പ്രിയദർശനും മോഹൻലാലും.
സന്തോഷ് ശിവൻ ചിത്രം അനൗൺസ് ചെയ്തതോടെ പ്രിയദർശൻ അവർക്കൊരു ഡെഡ്ലൈൻ കൊടുത്തു. അതിനുള്ളിൽ സന്തോഷ് ശിവൻ ചിത്രം ആരംഭിച്ചില്ലെങ്കിൽ തങ്ങളുടെ ചിത്രം തുടങ്ങുമെന്നായിരുന്നു പ്രിയൻ അറിയിച്ചത്.
പറഞ്ഞതുപോലെ സന്തോഷ് ശിവനെയും മമ്മൂട്ടിയെയും മറികടന്ന് മോഹൻലാലും പ്രിയദർശനും കുഞ്ഞാലിമരക്കാർ പ്രൊജക്ടുമായി മുന്നോട്ടുനീങ്ങി.
പ്രിയദർശൻ വലിയ ആഘോഷമായി കുഞ്ഞാലിമരക്കാർ അറബിക്കടലിൻറെ സിംഹം പ്രഖ്യാപിച്ചു. എന്നാൽ മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരും ഉടൻ ആരംഭിക്കും എന്നാണ് ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സ് അറിയിച്ചത്.
ഈ സംഭവം പരസ്പരം സ്നേഹിച്ചിരുന്ന മമ്മൂട്ടിയും പ്രിയദർശനും തമ്മിൽ മനസുകൊണ്ട് ചെറിയ അകൽച്ചയ്ക്ക് കാരണമായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എങ്കിലും, അപ്പപ്പോൾ തോന്നുന്ന അകൽച്ചയൊന്നും മനസിൽ സൂക്ഷിക്കുന്നയാളല്ല മമ്മൂട്ടി. പ്രിയദർശനുമൊത്ത് ഒരു നല്ല പ്രൊജക്ട് ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിൽ മമ്മൂട്ടി അതിന് തയ്യാറാകുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.
മമ്മൂട്ടി നല്ല കഥകളെയും കഥാപാത്രങ്ങളെയും നല്ല സിനിമകളെയുമാണ് സ്നേഹിക്കുന്നത്. പ്രിയൻ അത്തരമൊരു പ്രൊജക്ടുമായി വരികയാണെങ്കിൽ മമ്മൂട്ടി നോ പറയുകയില്ലെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.