മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും യൂത്ത് ഐക്കൺ പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയുടെ ആദ്യ ആലോചനകൾ തുടങ്ങിയതായി സൂചന.
ലൂസിഫറിന്റെ വൻവിജയിത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ വാത്സല്യം പോലെ ഒരു കുടുംബചിത്രമായിരിക്കുമെന്ന് റിപ്പോർട്ടുകൾ.
അതേ സമയം ലൂസിഫറിന് ശേഷം ലൂസിഫർ 2 ആയിരിക്കും പൃഥ്വി ഒരുക്കുക എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അടുത്തതായി മമ്മൂട്ടിച്ചിത്രം ഒരുക്കാനാണത്രേ പൃഥ്വിരാജിന് താൽപ്പര്യം എന്നാണ് അറിയുന്നത്.
മലയാളത്തിൽ നിന്ന് ഏറെക്കാലമായി മാറിനിൽക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ.
ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്. വില്ലനായി ഇന്ദ്രജിത്ത് വരും.
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിൻറെയും സ്നേഹ ദ്വേഷത്തിൻറെയും കഥ പറയുന്ന ചിത്രത്തിൽ ഒരു വലിയ കുടുംബത്തിൻറെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്.
മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ടാകും. ലൂസിഫർ’ ഒരിക്കലും കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയ സിനിമയല്ല. തൻറെ അടുത്ത സിനിമ കുടുംബപ്രേക്ഷകർക്ക് വേണ്ടിയുള്ളതാകണമെന്ന നിർബന്ധത്തിലാണത്രേ പൃഥ്വിരാജ്.
സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം.
മലയാളത്തിലെ രണ്ട് ലെജൻഡുകളെയും വച്ച് സിനിമകൾ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വിരാജ് പൂർത്തിയാക്കും.