മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
മമ്മൂട്ടി ഉൾപ്പെടെയുള്ള പൊലീസ് കഥാപാത്രങ്ങൾ ഒരു വണ്ടിയുടെ ടയർ മാറ്റാൻ പാടുപെടുന്ന ചിത്രമാണ് ഫസ്റ്റ്ലുക്കിൽ കാണുന്നത്.
ആക്ഷൻ കോമഡി എന്റർടെയിനർ ചിത്രമായ ഉണ്ടയിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘അനുരാഗ കരിക്കിൻ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്.
ഓംകാർ ദാസ് മണിക്പുരി, ഭഗ്വാൻ തിവാരി, ചിൻ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്.
ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ ലോപസ് എന്നിവരാണ് മറ്റു താരങ്ങൾ.
നോർത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.
മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ഉണ്ടയിലേത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.
കാസർഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ജെമിനി സ്റ്റുഡിയോസുമായി ചേർന്ന് കൃഷ്ണൻ സേതുകുമാർ ആണ് മൂവി മില്ലിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.