കോടികൾ ചെലവഴിച്ച് ഇന്ത്യൻ സിനിമയിൽ അത്ഭുതകരമായ സെറ്റുകളിൽ സിനിമ ചിത്രീകരിക്കുന്ന സംവിധായകൻ എസ്എസ് രാജമൗലിയാണ്.
അദ്ദേഹത്തെപ്പോലും ഞെട്ടിക്കുന്ന തരത്തിൽ മലയാളത്തിൽ ഒരു മമ്മൂട്ടി ചിത്രം ഒരുങ്ങുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടക്കുന്നു.
ഈ സിനിമയുടെ ക്ലൈമാക്സ് ഉൾപ്പടെ ചിത്രീകരിക്കുന്ന പടുകൂറ്റൻ സെറ്റ് 18 ഏക്കറിലാണ് തയ്യാറായിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സെറ്റാണ് ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വള്ളുവനാട്ടിലെ ചോരപുരണ്ട ഒരു ഏടിന്റെ കഥ പറയുന്ന സിനിമയിൽ മമ്മൂട്ടി ചാവേറായാണ് അഭിനയിക്കുന്നത്.
മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ശ്യാം കൌശലാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്നത്.
മധുരരാജയിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ കണ്ട് ഞെട്ടിത്തരിച്ചവർ മാമാങ്കത്തിലൂടെ മമ്മൂട്ടിയുടെ വാൾപ്പയറ്റ് പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ഒരു വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാൾ വലിയ കാഴ്ചകൾ മാമാങ്കത്തിൽ ദർശിക്കാം.
ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ഒന്നര മണിക്കൂറോളം മമ്മൂട്ടിയുടെ വാൾപ്പയറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിയതായാണ് അറിയുന്നത്.
വളരെ ഇമോഷണലായ ഒരു വാർ മൂവിയായിരിക്കും മാമാങ്കം. മലയാളത്തിലെ ബാഹുബലി എന്ന് ഇതിനോടകം തന്നെ വിശേഷിപ്പിക്കപ്പെട്ട ചിത്രത്തിൽ കനിഹയാണ് മമ്മൂട്ടിക്ക് നായികയാകുന്നത്.
ഉണ്ണി മുകുന്ദൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.