ഒന്നിനുപിറകേ ഒന്നായി മമ്മൂട്ടിയുടെ വലിയ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഒരു ചെറിയ പരാതിയുണ്ട്. അത് കോമഡിച്ചിത്രങ്ങള്‍ക്ക് മമ്മൂട്ടി ഇപ്പോള്‍ അധികം പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്.
ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഇമോഷണല്‍ ഡ്രാമകള്‍ക്കുമാണ് ഇപ്പോള്‍ അധികവും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്. എന്നാല്‍ കോമഡി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനും ഇനി മമ്മൂട്ടി സമയം കണ്ടെത്തും.
ലാല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഇത്. ലാല്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നാണ് അറിയുന്നത്.
മമ്മൂട്ടിയെ നായകനാക്കി ലാല്‍ മുമ്ബ് സംവിധാനം ചെയ്ത ‘കോബ്ര’ ഒരു പരാജയമായിരുന്നു. തിരക്കഥയിലെ പാളിച്ചയായിരുന്നു നല്ല ഒരു എന്‍റര്‍ടെയ്നറാകുമായിരുന്ന കോബ്രയെ തകര്‍ത്തുകളഞ്ഞത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ലാല്‍ പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍വാവ എന്നിവയാണ് ലാല്‍ നിര്‍മ്മിച്ച മമ്മൂട്ടിച്ചിത്രങ്ങള്‍.
വാല്‍ക്കഷണം: സംവിധായകന്‍ സിദ്ദിക്ക് ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ എഴുത്തുജോലിയിലാണ്. ‘ബിഗ് ബ്രദര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിദ്ദിക്കിന്‍റെ മോഹന്‍ലാല്‍ ചിത്രവും ലാലിന്‍റെ മമ്മൂട്ടിച്ചിത്രവും ഒരേസമയം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.