വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കര്‍ഷകരുടെ പതിമൂന്നോളം പശുക്കള്‍ ചത്തത് കുട്ടികളെയും കേരളക്കരയെ ഒന്നടങ്കവും വേദനയിലാഴ്ത്തിയിരുന്നു.
കപ്പത്തൊണ്ട് കഴിച്ചതിന് പിന്നാലെയായിരുന്നു പശുക്കള്‍ ചത്തത്. ഈ സംഭവത്തിന് പിന്നാലെ തളര്‍ന്ന കുരുന്നുകള്‍ക്ക് സഹായവുമായി പ്രമുഖരടക്കമുള്ള സുമനസ്സുകള്‍ ഒഴുകിയെത്തുകയായിരുന്നു. നടന്‍ ജയറാം അഞ്ച് ലക്ഷം രൂപയുമായി കുട്ടികളെ കാണാനെത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി അഞ്ച് പശുക്കളെ സൗജന്യമായി നല്‍കുമെന്നും അറിയിച്ചിരുന്നു. പൃഥ്വിരാജും യൂസഫലിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കുട്ടികള്‍ക്ക് പശുവിനെ വാങ്ങാനായി നടന്‍ മമ്മൂട്ടി ഒരു ലക്ഷം രൂപ അയച്ചുനല്‍കിയിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ജയറാം.
കുട്ടികളെ കാണാന്‍ വരുന്ന വഴിയാണ് മമ്മൂക്ക തന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ വക ഒരുലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞുവെന്നും തന്റെ പുതിയ ചിത്രമായ എബ്രഹാം ഒസ്ലറിന്റെ ഓഡിയോ ലോഞ്ചിനായി നേരത്തെ മമ്മൂക്കയെ വിളിച്ചിരുന്നുവെന്നും പിന്നീട് പരിപാടിയില്ലെന്ന് അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും ജയറാം പറയുന്നു.
ഈ പരിപാടിക്കായി വെച്ച പണമാണ് ജയറാം കുരുന്നുകള്‍ക്ക് പശുവിനെ വാങ്ങാനായി സമ്മാനിച്ചത്. തന്റെ വക രണ്ട് പശുക്കളെ കുട്ടികള്‍ക്ക് നല്‍കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മമ്മൂക്ക കാശ് തന്നതെന്നും ഇങ്ങനെയുള്ള നല്ല മനസ്സുകള്‍ കാരണം കുട്ടികള്‍ക്ക് നൂറുകണക്കിന് പശുക്കളുള്ള വലിയൊരു ആലയം പണിത് എടുക്കാന്‍ പറ്റുമെന്നും ജയറാം പറഞ്ഞു.