മാനേ മുധുരക്കരിമ്പേ എന്ന പാട്ടിന് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് അടിപൊളി ഗാനങ്ങളുടെ കൂട്ടത്തിലാണ് സ്ഥാനം.
ഇന്നും ഗാനമേളാ വേദികളെ ഇളക്കിമറിക്കുന്ന ഈ പാട്ട് 1983ൽ പുറത്തിറങ്ങിയ പിൻനിലാവ് എന്ന ചിത്രത്തിലേതാണ്.
പിജി വിശ്വംഭരന്റെ സംവിധാനത്തിൽ മമ്മൂട്ടിയും പൂർണിമയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിലെ ഈ വ്യത്യസ്ത ഗാനത്തിന് സംഗീതം നൽകിയത് ഇളയ രാജയാണ്.
യൂസഫലി കേച്ചേരി വരിച്ച വരികൾ പാടിയത് യേശുദാസ്. ഈ പാട്ടിൽ പങ്കുചേർന്ന എല്ലാവരുടെയും വേറിട്ടൊരു ശ്രമമായിരുന്നു അത്.
ഇംഗ്ലീഷും മലയാളവും അത്രയേറേ ഇണക്കത്തോടെ കൂട്ടിക്കലർത്തി എഴുതിയ ഗാനം മലയാളത്തിൽ അതിനു ശേഷവും ഉണ്ടായിട്ടില്ല.
അതുവരെ നായക താരങ്ങൾക്ക് പരിചിതമല്ലാത്ത തരത്തിൽ ഹാസ്യം കലർന്ന കളിയാക്കൽ സ്വഭാവത്തിലുള്ളതും കായിക സ്വഭാവമുള്ളതുമൊക്കെയായ ചലനങ്ങളും ചുവടുകളുമായിരുന്നു മമ്മൂട്ടിക്ക് ചെയ്യാനുണ്ടായിരുന്നത്.
32 കാരന്റെ ചുറുചുറുക്കോടെ താരം അത് ഗംഭീരമാക്കി. ഇപ്പോൾ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന രീതിയിൽ തന്നെ ഈ ഗാനത്തിലെ ഏതാനും വരികൾക്ക് നൃത്തം വെച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ.
ബിസി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിനായി ‘മാനേ മധുരകരിമ്പേ’ എന്ന പാട്ടിന് നൃത്തം വെക്കുമ്പോൾ ദുൽഖറിന്റെ പ്രായം 32 ആണെന്നത് തികച്ചും യാദൃശ്ചികമായി സംഭവിച്ചതാകാം.