മലയാള സിനിമാലോകത്തെ രാജമാണിക്യം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ അമ്പരപ്പിച്ച സംവിധായകനാണ് അൻവർ റഷീദ്.
അതുവരെ മലയാളികൾക്ക് പരിചയമില്ലാത്ത ഒരു പുതിയ മമ്മൂട്ടിയെ ആ സിനിമയിലൂടെ അൻവർ സമ്മാനിച്ചു. രാജമാണിക്യം ചരിത്രവിജയമായി.
പിന്നാലെ, അണ്ണൻതമ്പി എന്ന ചിത്രത്തിലൂടെ ആ വിജയം ആവർത്തിക്കാൻ മമ്മൂട്ടി അൻവർ റഷീദ് കൂട്ടുകെട്ടിന് കഴിഞ്ഞു.
ഇപ്പോഴിതാ പുതിയ വാർത്ത. മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു. എന്നാൽ ഇത്തവണ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനല്ല അൻവറിന്റെ തീരുമാനം.
ഒരു മമ്മൂട്ടിച്ചിത്രം നിർമ്മിക്കുകയാണ് അൻവർ റഷീദ്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാൽ’ എന്ന ചിത്രമാണ് അൻവർ റഷീദ് നിർമ്മിക്കുന്നത്. അമൽ നീരദും ഫഹദ് ഫാസിലും ഈ ചിത്രത്തിൽ അൻവർ റഷീദിന്റെ സഹനിർമ്മാതാക്കൾ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബിഗ്ബി എന്ന എക്കാലത്തെയും സ്റ്റൈലിഷ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാൽ. അമൽ നീരദ് തന്നെയായിരിക്കും ക്യാമറ ചലിപ്പിക്കുക. ഉണ്ണി ആർ ചിത്രത്തിന് തിരക്കഥ എഴുതും.