സൗന്ദര്യവും യുവത്വവും നിലനിർത്തി ആരാധകരെ ഞെട്ടിക്കുകയാണ് നടൻ മമ്മൂട്ടി. പ്രായം 71 പിന്നിട്ടിട്ടും യുവതാരങ്ങളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുൻപോട്ട് കുതിക്കുന്നത്. ഇപ്പൾ പിറന്നാൾ ആഘോഷത്തിലാണാ താരം. അർധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പിൽ ആശംസകൾ നേരാൻ നിരവധി പേർ തടിച്ച് കൂടിയിരുന്നു.
അമ്പത് വർഷമായി ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ആരാധകർക്ക് താരം സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാൻ ആരും ഇല്ലെന്ന് തന്നെ വേണം പറയാൻ. പകരക്കാരൻ ആയി ആരും തന്നെ ഇതുവരെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ടില്ലെന്നതാണ് സത്യം.
ഈ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമകൾ ചെയ്യാനും പുതിയ കഥാപാത്രങ്ങൾ ചെയ്യാനും പുതിയ ടെക്‌നീഷ്യന്മാർക്കൊപ്പം പ്രവർത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമപോലെ തന്നെ കുടുംബവും മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ്. മമ്മൂക്ക ഒരു ഫാമിലിമാനാണെന്നും ആരാധർക്ക് അറിവുള്ള കാര്യമാണ്.
ജീവിതത്തിലെ എഴുപത് വർഷങ്ങൾ പിന്നിടുമ്പോൾ ഭാര്യ സുൽഫത്ത് മമ്മൂട്ടിയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തങ്ങളുടെ പെണ്ണുകാണൽ, വിവാഹം എന്നിവയെ കുറിച്ചെല്ലാമാണ് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ സുൽഫത്ത് വാചാലയായത്. 1979ലായിരുന്നു മമ്മൂട്ടിയുടേയും സുൾഫത്തിന്റേയും വിവാഹം നടന്നത്.
വിവാഹം ഒരു വിഡ്ഢിത്തരമാണെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ… ഏപ്രിൽ ഒന്നിനായിരുന്നു സുലുവിന്റേയും എന്റേയും വിവാഹ നിശ്ചയം നടന്നത്.’ ‘പ്രേമവിവാഹമായിരുന്നില്ല. എനിക്ക് സുലുവിനെ മുൻ പരിചയമില്ലായിരുന്നു. പെണ്ണ് കാണാൻ ചെന്നപ്പോഴാണ് ആദ്യമായി കാണുന്നത്’ മമ്മൂട്ടി പറയുന്നു. ഞാൻ ഇച്ചാക്കയെ മുമ്പ് കണ്ടിട്ടുണ്ട്. ഇച്ചാക്കയുടെ അമ്മയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് എന്റെ പിതൃ സഹോദരിയെയാണ്.’
‘അതുകൊണ്ട് കുടുംബത്തെ കല്യാണത്തിനും മറ്റും പോകുമ്പോൾ ഇച്ചാക്കയെ കണ്ടിരുന്നു. ചെറുപ്പത്തിലാണ് കണ്ടിട്ടുള്ളത്. മുതിർന്നപ്പോഴല്ല’ സുൾഫത്തും പറഞ്ഞു. ‘ഞാൻ മൂന്നാമത് പെണ്ണുകണ്ട പെൺകുട്ടിയാണ് സുലു. തികച്ചും ഔപചാരികമായ ചടങ്ങായിരുന്നു.’ ‘ഒന്നുകിൽ എനിക്ക് അല്ലെങ്കിൽ വാപ്പയ്ക്കും ഉമ്മയ്ക്കും പെണ്ണിനെ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് ആദ്യത്തെ രണ്ട് പെണ്ണ് കാണലുകൾ വിവാഹത്തിൽ എത്താതെ പോയത്.
സുലുവിനെ പക്ഷെ എല്ലാവർക്കും ഇഷ്ടമായി. വിവാഹ സമയത്ത് പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു സുലു. അന്ന് പി.ഐ മുഹമ്മദ് കുട്ടി എൽഎൽബിയായിരുന്നു ഞാൻ. കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് സിനിമയിലഭിനയിക്കാൻ എത്തിയത്. അഭിനയം ആരംഭിച്ചപ്പോഴും വക്കീൽപണി ചെയ്തിരുന്നു. സിനിമയിലേക്ക് പൂർണമായും മാറാൻ ഒന്നര വർഷമെടുത്തു.
അഭിനയം നിർത്തിയാൽ വക്കീൽപണിയിലേക്ക് ഒരിക്കലും ഞാൻ തിരിച്ച് പോകില്ല’ മമ്മൂട്ടി കൂട്ടിച്ചേർത്തു. ‘അഭിനയം നിർത്തിയാൽ ബിസിനസ് എന്നതാണ് ഇച്ചാക്കയുടെ പരിപാടിയെന്ന്’ സുൾഫത്ത് കൂട്ടിച്ചേർത്തു. ‘പല സിനിമകളും കാണുമ്പോൾ എനിക്ക് നിരാശ തോന്നിയിട്ടുണ്ട്. ഒട്ടേറെ പൂർണത തോന്നുന്നുവെന്നതാണ് കാരണം’ മമ്മൂട്ടി പറഞ്ഞു. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ തുടങ്ങിയ ജീവിതം പുഴുവിൽ എത്തി നിൽക്കുകയാണ്.
നൻപകൽ നേരത്ത് മയക്കം അടക്കം അഞ്ചോളം സിനിമകളാണ് ഇനി മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്.