മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനു പിന്നാലെ താരരാജാവ്‌മോഹൻലാലും തന്റെ ആദ്യ സംവിധാന സംരംഭം പ്രഖ്യാപിച്ച് കഴിഞ്ഞു.
ഇതോടെ മമ്മൂട്ടി ആരാധകരും കാത്തിരുന്നു. തങ്ങളുടെ പ്രിയ മമ്മൂക്ക ഒരു സിനിമ സംവിധാനം ചെയ്യുന്നത് കാണാൻ.
എന്നാൽ, ആരാധകരുടെ ഈ ആഗ്രഹം സാധിക്കില്ലെന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
ഇനി എപ്പോഴാണ് സംവിധായകനാകുന്നത് എന്ന ചോദ്യം അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി നേരിടുകയുണ്ടായി.
എന്നാൽ, ഇതിനു മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ വാശിയുണ്ടോ? എനിക്കില്ല. ഒരു പത്ത് ഇരുപത് കൊല്ലം മുന്നേ ആയിരുന്നേൽ എനിക്കുണ്ടായിരുന്നു.
പിന്നെ വേണ്ടെന്ന് വെച്ചു. കാരണം, നല്ല സംവിധായകർ ഉണ്ടിവിടെ. നമുക്ക് കാലത്തെ പോയി നിന്ന് കൊടുത്താൽ മാത്രം മതി.
എന്തിനാ വെറുതേ. പിന്നെ ഒരു സിനിമ ചെയ്യണമെങ്കിൽ എനിക്ക് സമൂഹത്തോട് എന്തെങ്കിലും പറയാൻ ഉണ്ടാകണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.
അങ്ങനെയൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പിന്നെതിനാ?’ ചെറു ചിരിയോടെ മമ്മൂട്ടി ചോദിക്കുന്നു.
മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന ചിത്രം നിരൂപക പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സംവിധാന ചിത്രം പറഞ്ഞു വെയ്ക്കുന്ന പൊളിടിക്‌സ് അത്രത്തോളമുണ്ട്.