പൊതുവെ വലിയ ഗൗരവക്കാരനും കർക്കശക്കാരനുമായാണ് മമ്മൂട്ടി അറിയപ്പെടാറ്. എന്നാൽ അദ്ദേഹത്തെ അടുത്ത് അറിയുന്നവർ പറയും വളരെ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനുമാണ് താരമെന്ന്. സഹനടീനടന്മാരുമായി തന്റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ പങ്കിടാനും മമ്മൂട്ടി ശ്രമിക്കാറുണ്ട്.
മമ്മൂട്ടി പങ്കുവച്ചിട്ടുള്ള അനുഭവങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന് അടുത്തിടെ രമേശ് പിഷാരടിയും ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പുതുതായി അഭിനയ രംഗത്ത് കടന്നുവരുന്നവർക്ക് അഭിനയത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല അത്യാവശം റാഗ് ചെയ്യാനും മമ്മുട്ടിക്ക് അറിയാം.
ALSO READ
കഴിഞ്ഞ ദിവസമാണ് നിഖില വിമൽ, മാത്യു തോമസ്, നസ്ലിൻ കെ.ഗഫൂർ, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമായ ‘ജോ ആൻഡ് ജോ’ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിഖിലയും മാത്യു തോമസും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തന്നെ റാഗ് ചെയ്ത രസകരമായ അനുഭവം നിഖില വ്യക്തമാക്കുകയുണ്ടായി.
മമ്മൂക്ക റാഗ് ചെയ്യുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ചെറുതായിട്ട് ചെയ്യും, എന്നാൽ ബുദ്ധിമുട്ടിക്കാറില്ല എന്നായിരുന്നു നിഖില മറുപടി നൽകിയത് . 2021ൽ പുറത്തിറങ്ങിയ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് നിഖില വിമൽ മമ്മൂട്ടിയുമായി അഭിനയിച്ചത്. ജോഫിൻ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് മമ്മൂട്ടി നിഖിലയെ ചെറുതായി ഒന്ന് റാഗ് ചെയ്തത്. ആ സംഭവം നിഖില പറയുന്നത് ഇങ്ങനെയാണ്,
‘റാഗിങ് എന്നൊന്നും പറയാൻ പറ്റില്ല. അദ്ദേഹം നമ്മളെ ബുദ്ധിമുട്ടിക്കുകയൊന്നുമില്ല. ഞാൻ നടക്കുമ്പോൾ കൂനിക്കൂടിയാണ് നടക്കുക. അപ്പോൾ എന്നെ നടത്തിക്കും. അവിടുന്ന് ഇങ്ങോട്ട് നടന്നു വാ എന്ന് പറയും. ഒരു പ്രാവശ്യം എന്നോട് ചോദിച്ചു കണ്ണു കാണാത്ത ഒരാളായിട്ട് നിനക്ക് അഭിനയിക്കാൻ റോൾ കിട്ടിയാൽ നീ എങ്ങനെയാണ് അഭിനയിക്കുക എന്ന്. കണ്ണ് കാണാത്ത ഒരാളായിട്ട് അഭിനയിക്കും എന്ന് ഞാൻ പറഞ്ഞു. എന്നാൽ അവിടുന്ന് ഇങ്ങോട്ട് കണ്ണ് കാണാത്ത ഒരാൾ നടന്നുവരുന്നത് പോലെ നടന്ന് വരാൻ പറഞ്ഞു. അങ്ങനെ ഞാൻ നടക്കാൻ തുടങ്ങി ഇതിനിടെ ഞാൻ അപ്പുറത്തുള്ള ആരെയെങ്കിലും നോക്കും. നീ എങ്ങനെയാണ് അവരെ കാണുന്നത് നിനക്ക് കണ്ണു കാണില്ലല്ലോ എന്ന് ചോദിക്കും. ഒന്നുകൂടി പോയ് നടന്നിട്ടു വാ എന്ന് പറയും. അങ്ങനെ മൂന്നാലഞ്ചു പ്രാവശ്യം നടത്തിച്ചിട്ടുണ്ട്. അവസാനം ഞാൻ പറയും എന്നെ കൊണ്ട് പറ്റില്ല, ഞാൻ ഇരുന്നോട്ടെ എന്ന്’. നിഖില പറഞ്ഞു.
വൺ എന്ന ചിത്രത്തിൽ ഒരു രംഗം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ ഒരു അനുഭവം മാത്യുവിനും പറയാനുണ്ടായിരുന്നു. ‘ഒരു സീനിൽ ഞാൻ മമ്മൂക്കയുടെ പിറകിലായിട്ടാണ് നിൽക്കേണ്ടത്. ഞാൻ അങ്ങനെ പോയി നിന്നപ്പോൾ ‘നീ എന്തിനാ എന്റെ പിറകിൽ വന്ന് നിൽക്കുന്നത്’ എന്ന് മമ്മൂക്ക ചോദിച്ചു. എന്റെ അടുത്ത് അപ്പോൾ ബിനു ചേട്ടൻ ഉണ്ടായിരുന്നു. ഞാൻ വേഗം അത് പുള്ളിയുടെ പുറത്തിട്ടു.
ALSO READ
പുള്ളി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് എസ്‌കേപ്പായി’ മാത്യു പറഞ്ഞു. ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ജോ ആൻഡ് ജോ നിർമ്മിച്ചത്. അരുൺ ഡി. ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. അൾസർ ഷാ ഛായാഗ്രഹണം. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം. സഹോദരീ സഹോദരന്മാരായ ജോമോളുടെയും ജോമോന്റെയും കഥയാണ് ജോ ആൻഡ് ജോ പറയുന്നത്. നിഖില വിമലും മാത്യു തോമസുമാണ് ടൈറ്റിൽ റോളുകളിലെത്തുന്നത്.