മലയാളികളെ കുടുകുടാ ചിരിപ്പിച്ച മറ്റൊരു ഹാസ്യ സാമ്രാട്ട് കൂടി മലയാള സിനിമാലോകത്തിന് നഷ്ടമായിരിക്കുകയാണ.് പതിറ്റാണ്ടുകളായി മലയാളികളുടെ ചിരിക്ക് കാരണക്കാരനായ മാമുക്കോയ (76)യുടെ വിയോഗത്തിന്റെ നീറ്റലിലാണ് മലയാളികൾ.
കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം മാമൂക്കോയയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ്. മാമുക്കോയ ഇന്ന് ഉച്ചയോടെയാണ് വിടവാങ്ങിയത്. ഈ മാസം 24ന് കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള തലച്ചോറിൽ രക്തസ്രാവമുണ്ടായാണ് മ ര ണം സംഭവിച്ചത്. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മ രണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. കണ്ണംപറമ്പ് ഖസർസ്ഥാനിൽ നാളെയാണ് സംസ്‌കാരം.
അതേസമയം, മലയാളികൾക്ക് പകരം വെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെയാണ് മാമുക്കോയ സമ്മാനിച്ചത്. ഹാസ്യ കഥാപാത്രങ്ങൾക്ക് ഒപ്പം കുരുതിയിലേയും പെരുമഴക്കാലത്തിലേയും ഗൗരവമായ വേഷങ്ങളും ഈ നടന്റെ കൈകളിൽ ഭദ്രമായിരുന്നു.
കോഴിക്കോടൻ സംസാര ശൈലിയും വൈക്കം മുഹമ്മദ് ബഷീർ, എസ്‌കെ പൊറ്റെക്കട് തുടങ്ങിയവർക്ക് ഒപ്പമുള്ള സൗഹൃദവും മാമുക്കോയയുടെ നേട്ടമായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ സിനിമയിലേക്ക് ശുപാർശ ചെയ്ത അനുഭവവും മാമുക്കോയയ്ക്ക് ഉണ്ട്. മുഹമ്മദ് എന്നാണ് യഥാർത്ഥ പേര്.
കോഴിക്കോടൻ സംസാര ശൈലി ഹാസ്യത്തിനായി ഉപയോഗിച്ച ഇദ്ദേഹം അമച്വർ നാടകത്തിലൂടെയാണ് കലാരംഗത്തെത്തിയത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായ അദ്ദേഹത്തെ ജ്യേഷ്ഠനാണ് സംരക്ഷിച്ചത്. പത്താംക്ലാസ് വരെ പഠനം പൂർത്തിയാക്കിയ ശേഷം കല്ലായിൽ തടി അളക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. ഒപ്പം നാടകപ്രവർത്തനത്തിലും സജീവമായിരുന്നു.നാടകരംഗത്തെ കോഴിക്കോട് ഭാഗത്തെ കലാകാരന്മാരുമായി സൗഹൃദത്തിലാവുകയും, ശേഷം അവരുമായി അവരുമായി ചേർന്ന് ഒരു നാടകം രൂപപ്പെടുത്തുകയും ചെയ്തിരുന്നു.
നാടോടിക്കാറ്റിലെ ഗഫൂർ, സന്ദേശത്തിലെ എകെ പൊതുവാൾ തുടങ്ങിയ സാധാരണക്കാർക്ക് സുപരിചിതരായ കഥാപാത്രങ്ങളെയാണ് മാമുക്കോയ അവതരിപ്പിച്ചത്. അതാണ് സാധാരണക്കാർക്ക് പ്രിയപ്പെട്ട താരമായി വളരാൻ താരത്തിന് സഹായമായതും. സത്യൻ അന്തിക്കാടും പ്രിയദർശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടൻ ഹാസ്യത്തിന് സഹായമേകി.
ചാലിക്കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു മാമുക്കോയയുടെ ജനനം. ഭാര്യ: സുഹ്‌റ. മക്കൾ: നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ്.