മലയാള സിനിമയില്‍ ഇപ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ യുവനടിയാണ് മമിത ബൈജു. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ മമിതയ്ക്കായി. അസാധ്യ സ്‌ക്രീന്‍ പ്രസന്‍സുള്ള താരമാണ് മമിത എന്നാണ് ആരാധകര്‍ പറയുന്നത്. ഖോ ഖോ, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈയ്യടുത്തിറങ്ങിയ സൂപ്പര്‍ ശരണ്യയിലും മമിത കയ്യടി നേടിയിരുന്നു.
സൂപ്പര്‍ ശരണ്യയിലെ കഥാപാത്രത്തെ സൂപ്പര്‍ സോന എന്നാണ് ആരാധകര്‍ വിളിക്കുന്നത്. തമിഴിലേക്കും ചുവടുവെക്കാന്‍ മമിതഒരുങ്ങിയിരുന്നു. ആദ്യമായി കമ്മിറ്റ് ചെയ്ത മമിതയുടെ തമിഴ് ചിത്രം ഉപേക്ഷിക്കപ്പെട്ടിരുന്നു. സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന വണങ്കാന്‍ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുന്നതിനായാണ് മമിതയെ തെരഞ്ഞെടുത്തിരുന്നത്.
വണങ്കാന്‍ എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ തിരക്കഥയിലെ ചില മാറ്റങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മമിത ബൈജു. നായികവേഷത്തില്‍ തന്നെയാണ് മമിത തിളങ്ങുന്നത്. മമിത നായികവേഷത്തിലെത്തിയ പ്രേമലു തിയ്യേറ്ററുകളില്‍ വന്‍വിജയമായിരുന്നു.
അതിനിടെ വണങ്കാനുമായി ബന്ധപ്പെട്ട് മമിത നല്‍കിയ ഒരു അഭിമുഖം വന്‍ വിവാദത്തിലേക്കായിരുന്നു എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിന്റെ സമയത്ത് ബാല സാര്‍ തന്നെ ചെറുതായി തല്ലുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നും ഷോട്ട് നന്നാവാന്‍ വേണ്ടിയാണെന്നൊക്കെയായിരുന്നു പറഞ്ഞെതെന്നും എന്നാല്‍ അതൊക്കെ കൂളായിട്ടാണ് താനെടുത്തതെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കെവെ മമിത പറഞ്ഞു.
ഇത് വലിയ വാര്‍ത്തയായിരുന്നു. തന്റെ പേരില്‍ തമിഴില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും തന്നിലെ അഭിനേതാവിനെ നല്ല രീതിയില്‍ പുറത്തുകൊണ്ടുവരാനാണ് ബാല സാര്‍ ശ്രമിച്ചതെന്നും അദ്ദേഹം മാനസികമായോ ശാരീരികമായോ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്‌റ്‌സാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്നും മമിത പറയുന്നു.