ഒരു മലയാള ചിത്രം അമ്പതുകോടി രൂപ ബജറ്റിൽ.. കുറച്ചുവർഷങ്ങൾക്ക് മുമ്പുവരെ അതൊരു സ്വപ്നം മാത്രമായിരുന്നു. എന്നാൽ ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ അത് സാധ്യമായിരിക്കുന്നു. എന്നാൽ അതുമാത്രമല്ല അത്ഭുതം.
ആ മുടക്കുമുതൽ മൂന്നുദിവസങ്ങൾ കൊണ്ട് തിരിച്ചുപിടിച്ചാലോ? അതേ, ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ അനുസരിച്ച് മൂന്നുദിവസങ്ങൾ കൊണ്ട് മാമാങ്കം മുടക്കുമുതൽ തിരിച്ചുപിടിക്കും. മമ്മൂട്ടി നായകനായ ഈ ബ്രഹ്മാണ്ഡ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിദേശരാജ്യങ്ങളിൽ ഇംഗ്ലീഷിലുമാണ് പ്രദർശനത്തിനെത്തിയത്.
നാൽപ്പതിലധികം രാജ്യങ്ങളിൽ രണ്ടായിരത്തോളം സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസായത്.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ബാലതാരമായ അച്യുതനും നിറഞ്ഞുനിൽക്കുന്ന മാമാങ്കം സംവിധാനം ചെയ്തത് എം പത്മകുമാറാണ്. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ സംഘട്ടനസംവിധാനം ശ്യാം കൌശലായിരുന്നു.
എം ജയചന്ദ്രനായിരുന്നു ഗാനങ്ങൾ. ഒരു വടക്കൻ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം മമ്മൂട്ടിയുടെ വ്യത്യസ്തമായ പകർന്നാട്ടത്തിന് മാമാങ്കത്തിലൂടെ മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്. അത്ഭുതകരമായ ആ പ്രകടനത്തിന് ലോകമെമ്ബാടുമുള്ള സിനിമാപ്രേമികൾ നൽകുന്ന ആദരം കൂടിയാണ് ഈ ഉജ്ജ്വലവിജയം.