കാൻവാസിന്റെ വലിപ്പം കൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും സംവിധായകനെ മാറ്റിയതടക്കമുള്ള വിവാദങ്ങൾ കൊണ്ടുമൊക്കെ വാർത്തകളിൽ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കം അവസാന ഷെഡ്യൂളിലേക്ക്.
എറണാകുളം നെട്ടൂരിൽ തയ്യാറാക്കിയിരിക്കുന്ന 18 ഏക്കറോളം വിസ്തൃതിയുള്ള സെറ്റിലാണ് നാളെ ഫൈനൽ ഷെഡ്യൂളിന്റെ ചിത്രീകരണം തുടങ്ങുക.
സിനിമയിൽ ഏറ്റവും പ്രാധാന്യമുള്ള മാമാങ്കം രംഗങ്ങളാണ് ഇനി പ്രധാനമായും ചിത്രീകരിക്കാനുള്ളത്. ജൂൺ 15 വരെ 40 ദിവസത്തെ ഷെഡ്യൂളാണ് ഇത്.
കണ്ണൂർ, ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂർത്തിയായത്.
പ്ലാൻ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തിൽ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂർത്തിയായി. പുതിയ ഷെഡ്യൂളിലെ മാമാങ്കം ചിത്രീകരണത്തിൽ രണ്ടായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുമെന്ന് അറിയുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമായാണ് മാമാങ്കം ആദ്യം വാർത്തകളിൽ എത്തിയത്.
എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച് മാസങ്ങൾക്ക് ശേഷം നിർമ്മാതാവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്ക് പിന്നാലെ സംവിധായകസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു.
എം പത്മകുമാറാണ് തുടർന്ന് സംവിധായക സ്ഥാനത്തെത്തിയതും ചിത്രം പൂർത്തിയാക്കുന്നതും.
2009ൽ പുറത്തെത്തിയ കേരളവർമ്മ പഴശ്ശിരാജയ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമിൽ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്.
അതിനാൽത്തന്നെ മമ്മൂട്ടി ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം.
മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകിലെത്തുന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്കുകളൊന്നും അണിയറക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചില സ്റ്റില്ലുകൾ ആരാധകർ ഷെയർ ചെയ്യുണ്ടെങ്കിലും അതിൽ ഒന്നും ഔദ്യേഗിക സ്ഥിരീകരണമില്ല. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.