സംവിധായകന്റെ പേരിലുണ്ടായ തർക്കങ്ങളടക്കം തടസങ്ങളെല്ലാം മറികടന്ന് അവസാനഘട്ട ഷൂട്ടിംഗിലെത്തിയ മമ്മൂട്ടി ചിത്രം മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായാണ് വരുന്നത്.
നിലവിൽ എറണാകുളം നെട്ടൂരിലെ 20 ഏക്കർ സ്ഥലത്ത് 10 കോടിയോളം രൂപ ചെലവിട്ട് തയാറാക്കിയ സെറ്റിൽ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
കണ്ണൂർ, എറണാകുളം, ഒറ്റപ്പാലം, അതിരപ്പിള്ളി എന്നിവിടങ്ങളിൽ നേരത്തേ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. എം പദ്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം പതിനെട്ടാം നൂറ്റാണ്ടിൽ നിലനിന്ന മാമാങ്കത്തെയും ചാവേറുകളെയുമാണ് പ്രമേയമാക്കുന്നത്.
ചിത്രത്തിന്റെ അണിയറയിലും ഇന്ത്യൻ സിനിമയിലെ വൻ പേരുകാരുണ്ട്. എം ജയചന്ദ്രൻ ചിത്രത്തിനായി ഗാനങ്ങൾ ഒരുക്കുമ്പോൾ പശ്ചാത്തല സംഗീതം നൽകുന്നത് സചിത് ബൽഹാരയാണ്.
പദ്മാവത്, ബജിറാവോ മസ്താനി, മണികർണിക തുടങ്ങിയ വൻ ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ളയാളാണ് സചിത്.
ബോളിവുഡിൽ നിന്നു തന്നെയുള്ള ശ്യാം കുശാലാണ് ചിത്രത്തിനായി ആക്ഷൻ ഒരുക്കുന്നത്. ദംഗൽ, ക്രിഷ്3, പദ്മാവത്, ബജിറാവോ മസ്താനി, ദൂം3, ഫാന്റം തുടങ്ങിയ ചിത്രങ്ങൾക്ക് സംഘടനമൊരുക്കിയത് ശ്യാം കുശാലാണ്.
മമ്മൂട്ടി ചിത്രം ഉണ്ടയുടെ ആക്ഷനും അദ്ദേഹത്തിന്റെതാണ്. മനോജ് പിള്ളയുടേതാണ് ഛായാഗ്രഹണം. മമ്മൂട്ടി നാലു ഗെറ്റപ്പുകളിൽ ചിത്രത്തിലെത്തുന്നുണ്ട്.
ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്.തിരക്കഥാകൃത്ത് കൂടിയായ സജിവ് പിള്ളയുടെ സംവിധാനത്തിലാണ് ചിത്രം ആരംഭിച്ചതെങ്കിലും നിർമാതാവുമായുള്ള തർക്കത്തെ തുടർന്ന് നിലവിൽ സജീവ് പിള്ളയെ ഒഴിവാക്കി ചിത്രം മുന്നോട്ടുപോകുകയാണ്.
സജിവ് പിള്ള സംവിധായകനായിരിക്കെ ചിത്രീകരിച്ച രംഗങ്ങളിൽ ഒരു ഗാന രംഗവും ആക്ഷൻ രംഗവും ഒഴികേ മറ്റെല്ലാ രംഗങ്ങളും വീണ്ടും ചിത്രീകരിച്ചെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ചിത്രത്തിൽ നാലു ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തുന്നത്. ഇതിൽ ഒരു സ്ത്രൈണ വേഷവുമുണ്ടെന്നാണ് അറിയുന്നത്.