മലയാള സിനിമാ ലോകം താരതമ്യേനെ ചെറുതാണെങ്കിലും അനുഗ്രഹീതകലാകാരന്മാരെ കൊണ്ടു സിനിമകളുടെ വിജയം കൊണ്ടും സമ്പന്നമാണ്. സിനിമാതാരങ്ങളുടെ പ്രതിഫലം എപ്പോഴും ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കാറുണ്ട്.
കോവിഡിന് ശേഷം താരപ്രതിഫലം താഴ്ത്തണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യം ഉന്നയിക്കുന്നുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകളൊന്നും നടക്കാത്തതിനാല്‍ ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും സിനിമാതാരങ്ങള്‍ പ്രതിഫലം കൈപ്പറ്റുന്നത്.
മലയാളത്തിലെ സിനിമ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് വെളിപ്പെടുത്തുന്ന പുതിയ ലിസ്റ്റ് ‘ഐഎംഡിബി’ പുറത്ത് വിട്ടിരിക്കുകയാണ്. ഈ ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമത് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ തന്നെയാണ്. ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹം വാങ്ങുന്നത് 8 കോടി മുതല്‍ 17 കോടി വരെയാണ് എന്നാണ് പട്ടിക പറയുന്നത്.
അതേസമയം, മെഗാതാരം മമ്മൂട്ടിയുടെ പ്രതിഫലം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് എന്നാണ് പട്ടികയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു എന്നതും മിക്കതും ഒടിടി, തീയേറ്റര്‍ വിജയമാണെന്നതും ശ്രദ്ധേയമാണ്.
മലയാളത്തിലെ യുവതാരങ്ങളും മെഗാതാരങ്ങളെ പോലെ പ്രതിഫലത്തില്‍ മുന്നില്‍ തന്നെയാണ്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം പിതാവിനേക്കാള്‍ പ്രതിഫലം കൈപ്പറ്റുന്ന മകനായ ദുല്‍ഖറാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയതോടെ പ്രതിഫലത്തിലും കുത്തനെ ഉയര്‍ച്ച ഉണ്ടായിരിക്കുകയാണ്.
പ്രതിഫല കാര്യത്തില്‍ എങ്കിലും മൂന്നാമതാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ ഒരു സിനിമക്ക് വേണ്ടി വാങ്ങുന്ന പ്രതിഫലം 3 മുതല്‍ 8 കോടിയോളമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, താരപദവി സ്വയം നേടിയെടുത്ത നടന്‍ പൃഥ്വിരാജും പ്രതിഫലത്തില്‍ പിന്നിലല്ല. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ കൈമുതലാക്കിയ പൃഥ്വിരാജിന് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം.
തെന്നിന്ത്യയില്‍ തന്നെ അഭിനയം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഫഹദ് ഫാസിലാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ചാമത്തെ മലയാള നടന്‍. ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് ഫഹദ് വാങ്ങിക്കുന്നത്.
ആറാം സ്ഥാനത്തെത്തിയിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയങ്കരനായ നടന്‍ നിവിന്‍ പോളിയാണ്. മൂന്നുകോടിക്കും ആറ് കോടിക്കും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. അതേസമയം, മൂന്ന് കോടി രൂപയാണ് നടന്‍ ദിലീപിന്റെ പ്രതിഫലം.
അതേസമയം, പ്രതിഫലം കുത്തനെ കൂടാന്‍ സാധ്യതയുള്ള താരമാണ് ടൊവിനോ തോമസ്. നിലവില്‍ നടന്‍ ടോവിനോ തോമസിന്റെ പ്രതിഫലം ഒന്നര കോടി മുതല്‍ 3 കോടി വരെയാണ്.
സൂപ്പര്‍താരം സുരേഷ് ഗോപി വാങ്ങുന്ന പ്രതിഫലം 3 കോടി വരെയാണ്. അതേസമയം, ലിസ്റ്റില്‍ പത്താം സ്ഥാനത്താണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫലം.
കൂടാതെ, താരങ്ങളായ ജയസൂര്യ, ജയറാം, ബിജു മേനോന്‍, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, ഷെയിന്‍ നിഗം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങള്‍ 25 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.