മോഹൻലാൽ ചിത്രം മലൈക്കോട്ടെ വാലിബൻ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രം റിലീസ് ചെയ്തിട്ട് രണ്ട് ദിവസം പിന്നിടുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ആയതുകൊണ്ട് തന്നെ പ്രേക്ഷകരിൽ ആകാംഷ കൂടുതൽ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിത്രത്തിൽ നിന്നും അൽപ്പം വേറിട്ട് നിൽക്കുന്നത് വാലിബൻ തന്നെയാണ് എന്നാണ് അഭിപ്രായം വരുന്നത്.
മലയാള സിനിമ എക്കാലവും കണ്ട മികച്ച ആഗോള റിലീസുമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ആദ്യ ഷോകൾക്കിപ്പുറം തങ്ങൾ പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമല്ല ഇതെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിന്നും വന്നത്.
എന്നാൽ കേരളത്തിൽ നിന്ന് 5.85 കോടി അടക്കം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം ചിത്രത്തിന് 12 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചുവെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ ചിത്രത്തിൻറേതായി വിറ്റുപോയിരിക്കുന്നത് 41,000 ടിക്കറ്റുകളാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച സംഖ്യയാണ് ഇത്. ചിത്രത്തെ സംബന്ധിച്ച് നിർണായക ദിവസങ്ങളാണ് ഇന്നും നാളെയും. ആദ്യ വാരാന്ത്യ ദിനങ്ങളായ ശനി, ഞായർ ദിനങ്ങളിൽ ചിത്രം എത്തരത്തിൽ കളക്റ്റ് ചെയ്യും എന്നതാണ് അണിയറക്കാരും സിനിമാലോകവും ഉറ്റുനോക്കുന്നത്.