പാർവ്വതി – ജയറാം പ്രണയവും ദാമ്പത്യവും എന്നും മലയാള സിനിമയ്ക്ക് വലിയൊരു മാതൃക തന്നെയാണ്. ജയറാമിന് മുന്നേ സിനിമയിൽ എത്തി സ്ഥാനം ഉറപ്പിച്ച നടിയാണ് പാർവ്വതി. പദ്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ ജയറാം വരുന്ന സമയത്ത് മലയാളത്തിലെ നമ്പർവൺ നായികയായി നിൽക്കുകയായിരുന്നു പാർവ്വതി. ആ പാർവ്വതിയെ പ്രേമിച്ച് വിവാഹം ചെയ്തതിനെ കുറിച്ച് പല അഭിമുഖങ്ങളിലും ജയറാം തന്നെ വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ പ്രണയകാലത്തെ മറ്റു ചില ഓർമകൾ പങ്കുവയ്ക്കുകയാണ് ജയറാം.
ALSO READ
നടന്റെ വാക്കുകൾ ഇങ്ങനെ,
വിവാഹിതരെ ഇതിലെ ഇതിലെ എന്ന സിനിമയിൽ പാർവ്വതിയെ കണ്ടപ്പോൾ, ആഹ എന്ത് സുന്ദരി, എത്ര മനോഹരമായ കണ്ണുകൾ എന്ന് ഞാൻ കരുതിയിരുന്നു. പദ്മരാജൻ സാറിന്റെ അടുത്ത ചിത്രത്തിൽ എന്റെ സഹോദരിയായി പാർവ്വതിയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ, ‘ആഹ’ എന്ന ഫീൽ ആയിരുന്നു.
ഉദയ സ്റ്റുഡിയോയിൽ വച്ച് ആണ് പാർവ്വതിയെ ആദ്യമായി കാണുന്നത്, 1988 ഫെബ്രുവരി 18 -ാം തീയ്യതി. സുകുമാരി ചേച്ചിയ്ക്കൊപ്പം പാർവ്വതി വന്നപ്പോൾ ഞാൻ പെട്ടന്ന് എഴുന്നേറ്റ് നിന്നു. ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ, ഹേയ് വേണ്ട ഞാൻ നിന്നോളാം എന്ന് പറഞ്ഞു. ‘ഞാൻ നിങ്ങളുടെ മിമിക്രി വീഡിയോ ഒക്കെ കണ്ടിട്ടുണ്ട്.. നന്നായിരുന്നു’ എന്നാണ് പാർവ്വതി ആദ്യം പറഞ്ഞത്. എന്റെ മക്കൾ ഇപ്പോഴും എന്നെ കളിയാക്കും, അമ്മയുടെ മുന്നിൽ കൈ കൂപ്പി നിന്ന ആളല്ലേ അപ്പാ. എത്ര നേരം നിന്നു അമ്മ എന്ന് ചോദിക്കുമ്പോൾ അശ്വതി പറയും, ആ ഒരു മണിക്കൂറൊക്കെ അങ്ങനെ നിന്നു എന്ന്. അതെല്ലാം മനോഹരമായ ഓർമകളാണ്.
ALSO READ
ശ്രീനിവാസനാണ് തലയണ മന്ത്രം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഞങ്ങളുടെ പ്രണയം ആദ്യമായി പിടിച്ചത്. ‘ജയറാമും പാർവ്വതിയും തമ്മിൽ ഇഷ്ടത്തിലാണ് എന്ന വാർത്ത കേൾക്കുന്നുണ്ടല്ലോ, സത്യമാണോ’ എന്ന് സത്യൻ അന്തിക്കാട് ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞു ഞാൻ ഇപ്പോൾ ഉറപ്പിയ്ക്കാ എന്ന്. അടുത്ത സീനിൽ ഞാൻ വന്നു, എല്ലാവരോടും നമസ്‌കാരം പറഞ്ഞു, പാർവ്വതിയോട് മാത്രം പറഞ്ഞില്ല. അപ്പോൾ തന്നെ ശ്രീനിവാസൻ ഉറപ്പിച്ചു, ആ വാർത്ത സത്യമാണ് എന്ന്- ചിരിച്ചു കൊണ്ട് ജയറാം ഓർക്കുന്നു.
മകൾ എന്ന സിനിമയിൽ അച്ഛൻ വരുന്നുണ്ട് എന്ന് പറയുമ്പോൾ, മകൾ അയ്യോ എന്ന് പറയുന്ന ഒരു രംഗമുണ്ട്. അത് പോലെയാണ് ഞങ്ങളുടെ വീട്ടിലും. പണ്ട് മക്കൾ പഠിക്കുന്ന കാലത്ത് മൂന്ന് മാസത്തെ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് ഞാൻ വരുന്നുണ്ട് എന്ന് പറഞ്ഞാൽ അശ്വതിയ്ക്കും കണ്ണനും ചക്കിയ്ക്കും എല്ലാം ‘അയ്യോ’ എന്ന ഭാവമാണ് ആദ്യം വരുന്നത്. ഞാൻ വന്നാൽ ചിട്ടയായി പോയിക്കൊണ്ടിരിയ്ക്കുന്ന കാര്യങ്ങൾ എല്ലാം താറുമാറാകും. അവരുടെ സ്‌കൂൾ എല്ലാം കട്ട് ചെയ്യിപ്പിച്ച് എങ്ങോട്ടെങ്കിലുമൊക്കെ പോകുമെന്നും ജയറാം പറയുന്നുണ്ട്.