സിനിമയിൽ ബാലതാരമായി എത്തിയ താരമാണ് സിന്ധു വർമ്മ. പിന്നീട് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് താരം വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സാന്ത്വനം’ എന്ന പരമ്പരയിലൂടെ ‘സുധ അപ്പച്ചി’യായി തിളങ്ങുകയാണ് താരം ഇപ്പോൾ. മിനിസ്‌ക്രീനിൽ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിക്കുന്നത്. ‘ഭാഗ്യജാതകം’, ‘പൂക്കാലം വരവായി’ എന്നീ സൂപ്പർഹിറ്റ് പരമ്പരകളിലും മുഖ്യ കഥാപാത്രങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.
അഭിനയ രംഗത്ത് തന്നെയുള്ള മനു വർമ്മയാണ് സിന്ധുവിന്റെ ഭർത്താവ്. മുൻപ് ഈ ദമ്പതികളുടെ കൂടുതൽ വിശേഷങ്ങളൊന്നും പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. അടുത്തിടെ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു ഇരുവരും. ഈ പരിപാടിയിലാണ് താരങ്ങൾ സ്വകാര്യ ജീവിതത്തെ കുറിച്ചും പങ്കുവെച്ചത്.
എന്തുകൊണ്ടാണ് സിന്ധു അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തത് എന്നതിനെക്ക കുറിച്ച് താരങ്ങൾ പറയുന്നുണ്ട്. ഞങ്ങൾക്ക് ഒരു സുഖമില്ലാത്ത മോളുണ്ട്. അവൾക്ക് പതിനാറ് വയസ്സായി. ജനിച്ചപ്പോൾ മുതൽ കിടപ്പിലാണ്. സംസാരിക്കാനും കഴിയില്ല. ബെഡിലാണ് എല്ലാ സമയവും. വീൽചെയറിൽ ഇരുത്തി മകളെ കൊണ്ടുപോകൻ മാത്രമേ സാധിക്കൂവെന്നും സിന്ധു പറയുന്നു.
മകൾക്ക് ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുന്നുണ്ട്. പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അറിയുന്നത് മോൾക്ക് വൈകല്യമുണ്ടെന്ന്. മകളുടെ തല്ലച്ചോറിൽ ഫ്‌ലൂയിഡ് ശേഖരം ഉണ്ടായിരുന്നു. ഇതിന് മൂന്നാം മാസത്തിൽ തന്നെ സർജറിയും നടത്തി. ഇപ്പോഴും ഡോക്ടർമാർ പറയുന്നത്, ഏത് സമയത്ത് വേണമെങ്കിലും അത്ഭുതം സംഭവിക്കാമെന്നും താരങ്ങൾ പറയുന്നു. അതാണ് തങ്ങളുടെ പ്രതീക്ഷയെന്നും സിന്ധുവും മനു വർമയും പറയുന്നു.
‘മകളുടെ സർജറി കഴിഞ്ഞ് കുറേനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ഞാനും മോളും മാത്രമാണ് അവിടെ, ഇടക്കൊക്കെ ബുക്കുകൾ വായിക്കും. അന്ന് പുറത്തെ കാര്യങ്ങളുമായി ഒരു ബന്ധവുമില്ലായിരുന്നു. ഇടക്കുള്ള സമയങ്ങളിൽ ചേട്ടൻ കാണാൻ വരും. അതും ഒരു ചെറിയ സമയത്തേക്കാണ്. സർജറി കഴിഞ്ഞ് കിടക്കുന്നത് കൊണ്ട് അണുബാധയുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. അതു കൊണ്ട് അത്രയും നാൾ ഞാൻ തന്നെയാണ് ആശുപത്രിയിൽ നിന്നത്’,-സിന്ധു പറഞ്ഞു.
‘പിന്നീട് മോൾക്ക് മൂന്ന് വയസ്സായപ്പോൾ ഒരു സ്‌കൂളിൽ അധ്യാപികയായി പോയി, അതും ചേട്ടന്റെ അച്ഛൻ പറഞ്ഞിട്ട്. കുറച്ച് നാൾ മാത്രമാണ് അവിടെ പോയത്. വീണ്ടും മോളെയും കൊണ്ട് ചികിത്സക്കായി പല സ്ഥലങ്ങളിൽ പോയി. അപ്പാ അമ്മാ എന്ന് ചെറുതായി വിളിക്കാൻ തുടങ്ങിയിട്ടുണ്ട്, വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ട്. വീൽചെയറിൽ നിന്ന് എഴുന്നേറ്റ് അമ്മാ എന്ന് വിളിച്ച് ഓടി വരുന്നത് കാണണം, അതാണ് ഇനി എന്റെ ആഗ്രഹം’,-സിന്ധു മനസ് തുറക്കുന്നു.
കുഞ്ഞ് ജനിക്കുന്നത് വരെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടന്ന് മിണ്ടാത്ത ആളായപ്പോൾ അച്ഛനമ്മമാർക്കും എനിക്കും വിഷമം തോന്നി മനു പറഞ്ഞു. കടുത്ത ഡിപ്രഷനിലൂടെയാണ് ആ സമയങ്ങളിൽ കടന്ന് പോയത്. ആൾക്കാരെ കാണാൻ പോലും പേടിയായിരുന്നു. മറ്റുള്ളവരുടെ സംസാരവും വേദനിപ്പിച്ചിരുന്നെന്നാണ് ഇരുവരും പറയുന്നത്.
ഇതിൽ നിന്നൊക്കെ ഒരു മാറ്റം വരുത്താൻ വേണ്ടി മനു ഏട്ടനും അച്ഛനും നിർബന്ധിച്ചു. ഡിപ്രഷനും മാറണം അതിനൊപ്പം വരുമാനവും വേണം. അങ്ങനെയാണ് വീണ്ടും സീരിയലിലേക്ക് എത്തുന്നത് സിന്ധു പറഞ്ഞു.
ഇത് നേരെ ആകില്ല. ഇതിനെയും കൊണ്ട് നടക്കുന്നതെന്ന് മുഖത്ത് നോക്കി ചോദിച്ചവർ പോലുമുണ്ട്. എന്തിനാണ് വെറുതെ കാശ് കളയുന്നതെന്നൊക്കെ പലരും പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നുവെന്നും സിന്ധു മനു വർമ പറയുന്നു.