സത്യൻ അന്തിക്കാട് – യറാം കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങാനിരിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ കണ്ടുപിടിച്ചത് തന്റെ മകൾ മാളവികയാണെന്ന് നടൻ ജയറാം. ‘മകൾ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ‘ഏപ്രിൽ 29ന് റിലീസ് ആകാൻ പോകുന്ന ‘മകൾ’ എന്ന സിനിമയ്ക്കു വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.
‘മകൾ’ എന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ കണ്ടു പിടിച്ചത് എന്റെ മകൾ തന്നെയാണെന്നാണ് ജയറാം പറയുന്നത്. പ്രഭാസ് നായകനാകുന്ന ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് ജയറാം ഇക്കാര്യം തുറന്നുപറഞ്ഞത്.
‘സാധാരണ സത്യൻ അന്തിക്കാട് സിനിമകൾക്ക് വളരെ വൈകിയാണ് ടൈറ്റിൽ ഇടുന്നത്. അത് മനഃപൂർവമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാൻ ചോദിച്ചു, ‘പേര് ഒന്നും ആയില്ലേ?’. ‘ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല’, സത്യൻ അന്തിക്കാട് മറുപടിയായി പറഞ്ഞു.
അന്ന് എന്റെ മകൾ ഷൂട്ടിങ് കാണാൻ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷൻ. മോള് വന്നതുകാരണം ഷൂട്ട് കാണാൻ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവർ ചോദിച്ചപ്പോൾ, ‘മകളാണ്, എന്റെ മകൾ’ എന്ന് ഞാൻ വിളിച്ചു പറഞ്ഞു. സത്യൻ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു പറഞ്ഞു, ‘ഇതാണ് നമ്മുടെ ടൈറ്റിൽ മകൾ’.
ഒരച്ഛൻ തന്റെ മകളെ ആളുകളുടെ മുന്നിൽ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രത്തിനും ഈ പേരിട്ടത്. അങ്ങനെയാണ് ‘മകൾ’ ഉണ്ടായത്.’ജയറാം പറഞ്ഞു.
പതിനൊന്ന് വർഷങ്ങൾക്കു ശേഷം ജയറാമും സത്യൻ അന്തിക്കാടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് സത്യൻ അന്തിക്കാടും ജയറാമും അവസാനം ഒരുമിച്ചത്. മീര ജാസ്മിൻ ജയറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മകൾ’.