തമിഴിൽ നിർമാതാവ് രവീന്ദ്രർ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഏറെ ചർച്ചയായത്. തടി കൂടിയതിന്റെ പേരിൽ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. അതേസമയം, നടി മഹാലക്ഷ്മി പണം കണ്ടാണ് ഇതുപോലൊരു വിവാഹത്തിന് സമ്മതിച്ചത് എന്നുമുള്ള പ്രചരണങ്ങളാണ് നടത്തി വന്നിരുന്നത്.
ഇപ്പോൾ, ഇതിനെല്ലാമുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരദമ്പതിമാർ. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലൂടെയാണ് മറുപടി നൽകിയത്. ഞങ്ങളുടെ കല്യാണം പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയാവുമെന്ന് കരുതിയില്ലെന്ന് ഇരുവരും പറയുന്നു. കൂടാതെ തടിയെ കുറിച്ച് പരിഹസിക്കുന്നവർക്കും ദമ്പതിമാർ മറുപടി നൽകുന്നുണ്ട്.
ദമ്പതിമാരുടെ മറുപടി ഇങ്ങനെ;
ഞങ്ങളുടെ കല്യാണം പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയാവുമെന്ന് കരുതിയില്ല. കല്യാണം തിരുപ്പതിയിൽ തന്നെ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വിവാഹത്തെ കുറിച്ച് ആരോടും പറയാത്തതിൽ അടുത്തറിയാവുന്നവർക്ക് പ്രശ്നമില്ല. ഞങ്ങളെ അറിയാത്തവർക്കാണ് പ്രശ്നമുള്ളത്. അവരുടെ വീട്ടിലെ പെൺകുട്ടിയെ പിടിച്ച് കൊണ്ടു പോയി കല്യാണം കഴിച്ചത് പോലെയാണ് പലരുടെയും സംസാരം.
ഞാൻ നിർമ്മിച്ച ഒരു സിനിമയിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അന്ന് സ്പാർക്ക് ഒന്നും തോന്നിയില്ല. പിന്നീട് മെസേജ് അയച്ച ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. ഒത്തിരി സംസാരിച്ചതിന് ശേഷമാണ് ഞാൻ പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യയാവാമോ എന്നാണ് ചോദിച്ചതെങ്കിലും ഞാൻ നോ പറഞ്ഞതായി മഹാലക്ഷ്മി വെളിപ്പെടുത്തി.
മഹാലക്ഷ്മിയെ കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നെന്നാണ് രവീന്ദർ പറയുന്നത്. മഹാലക്ഷ്മിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണെന്നും, ആ ബന്ധത്തിൽഒരു കുട്ടി ഉണ്ടെന്നതുമടക്കം എല്ലാം എനിക്കറിയാം. മാത്രമല്ല, എന്റെ വവാഹവും നേരത്തെ കഴിഞ്ഞതാണ്. ആദ്യ ഭാര്യ അതിസുന്ദരിയായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആർക്കും അറിയില്ല.
ഇതൊരു പുരുഷാധിപത്യ സമൂഹം ആയത് കൊണ്ടാണ് ഈ വിഷയത്തിൽ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലവും, അവരെ കുറിച്ച് മാധ്യമങ്ങളിൽ വന്ന ചർച്ചകളും എനിക്ക് പ്രശ്നമല്ല. മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതിന് ശേഷം, എനിക്ക് രണ്ട് വർഷത്തെ സമയം തരണം.
ഞാൻ തടി കുറച്ചിട്ട് കല്യാണം കഴിക്കാമെന്ന് ഞാൻ പറഞ്ഞു. അത് മഹാലക്ഷ്മി സമ്മതിച്ചില്ല. നിങ്ങൾ ഇതേ ശരീരത്തോടെ, ഇതേ സംസാരത്തോടെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം. എനിക്ക് വേണ്ടി നിങ്ങൾ തടി കുറക്കരുത്. നിങ്ങൾക്ക് സ്വയം തോന്നി കുറയ്ക്കാം. ആരോഗ്യപരമായി ശരീരമാണെങ്കിൽ കുഴപ്പമൊന്നുമില്ല. പക്ഷേ എനിക്ക് വേണ്ടി ഭാരം കുറയ്ക്കരുതെന്ന് മഹാലക്ഷ്മി പറഞ്ഞിരുന്നു.
പണം കണ്ടിട്ടാണ് മഹാലക്ഷ്മി എന്നെ കല്യാണം കഴിച്ചതെന്ന് പറയുന്നതും മണ്ടത്തരമാണെന്ന് രവീന്ദ്രർ സൂചിപ്പിച്ചു. എല്ലാ പെണ്ണുങ്ങളും പണം നോക്കിയാണ് ചെറുക്കനെ തിരഞ്ഞെടുക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നതും തെറ്റാണ്. മഹാലക്ഷ്മി എന്റെ പണം നോക്കിയിട്ടുണ്ട്. അതുപോലെ മനസ്സും. മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റിൽ എന്നെക്കാൾ സുന്ദരനായ പണക്കാരനുണ്ട്. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരഞ്ഞെടുത്തെന്ന ചോദ്യത്തിന് ഈ ട്രോൾ ചെയ്യുന്നവർക്ക് മറുപടി പറയാൻ പറ്റുമോ.
എന്റെ ശരീരത്തെ ട്രോൾ ചെയ്യുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ല. എന്റെ ശരീരം പോലെ തന്നെ മനസ്സും വലുതാണ്. ഞാൻ ഈ ശരീരം വച്ച് സന്തോഷിക്കുന്ന അത്രയും സന്തോഷം നിങ്ങൾക്ക് ആർക്കും ഇല്ലെന്ന് വെല്ലുവിളിക്കാനും എനിക്ക് പറ്റും. പിന്നെ ഈ ട്രോൾ ചെയ്യുന്നവർക്ക് ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നതാണ് സത്യം. മഹാലക്ഷ്മിയ്ക്ക് മാത്രമല്ല, എനിക്കും രണ്ടാം വിവാഹമാണെന്നോ ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസമോ ഒന്നും ആർക്കും അറിയില്ല. എനിക്ക് 38 വയസും, മഹാലക്ഷ്മിയ്ക്ക് 35 വയസുമാണ്.