മലയാള സിനിമയിൽ മറക്കാനാവാത്തതും മികച്ചതും വളരെ വ്യത്യസ്തവുമായ ഒരു വില്ലൻ കഥാപാത്രം തന്നെയായിരുന്നു അനന്തഭദ്രത്തിലെ ദിഗംബരൻ. ആർത്ത് ചിരിക്കുന്ന വേടനായും പ്രണയപരവശനായ കാമുകനുമായുള്ള മനോജ് കെ ജയന്റെ പകർന്നാട്ടം പ്രേക്ഷകർ ആസ്വദിച്ചിരുന്നു.
കൗശലക്കാരനായ പ്രണയവും കാമവും കോപവും പ്രതികാരാഗ്‌നിയുമെല്ലാം മനസിൽ കൊണ്ടുനടക്കുന്ന മന്ത്രവാദിയായി മനോജ് കെ ജയൻ തിരശീലയിൽ ജീവിയ്ക്കുകയായിരുന്നു. ഭാവപ്രകടനങ്ങളുടെയും സ്വഭാവ വൈവിദ്യങ്ങളുടെയും പല രൂപഭാവങ്ങൾ ചിത്രത്തിൽ പലയിടത്തായി അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
ALSO READ
ഒരേസമയം പക തോന്നിപ്പിക്കുന്ന വെറുപ്പ് ഉള്ളവാക്കുന്ന ചെയ്തികളിലൂടെ പ്രതിനായകൻ ആകുമ്പോൾ തന്നെ അത്രമേൽ താൻ സ്‌നേഹിച്ച…. പ്രണയിച്ച തന്റെ കാമുകി സുഭദ്രയെ നഷ്ടമായതിൽ അലമുറയിട്ട് കരയുന്ന ഒരു കാമുകന്റെ ഭാവം കൂടി കഥാകൃത്ത് അദ്ദേഹത്തിന് നൽകിയിരുന്നു.
വില്ലന്മാരുടെ പ്രണയം അത്രയധികം ചർച്ച ചെയ്യാത്ത മലയാളത്തിൽ അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നും ദിഗംബരൻ ആയി. പലപ്പോഴും സുഭദ്രയോടുള്ള ഭ്രാന്തമായ സ്‌നേഹം ആണ് ദിഗംമ്പരനെ കൊണ്ട് പലതും ചെയ്യിപ്പിക്കുന്നത്. അത് കോപമായി, പകയായി, വാശിയായി, ആരെയും നശിപ്പിക്കുന്ന, ആരെയും ഭയപെടുത്തുന്ന, ആരെയും കുരുതിക്ക് കൊടുക്കാൻ തക്കവണം ഒരു വന്യതയിയിലേക്ക് അദ്ദേഹത്തെ നയിക്കുന്നു.
മറ്റുള്ളവരുടെ കണ്ണിൽ തെറ്റാണെങ്കിലും തന്റേതായ ശരികളിലൂടെ വഴികളിലൂടെയാണ് ദിഗംബരൻ സഞ്ചരിക്കുന്നത്. ഒരു പ്രത്യേക തരം ഉൾഭയവും അമർഷവും പ്രണയവും തോന്നിപ്പിക്കുന്ന വിചിത്ര കഥാപാത്രമായിരുന്നു മനോജ് കെ ജയൻ അവതരിപ്പിച്ച ദിഗംബരൻ. തിരനുരയും എന്ന ഗാനം മാത്രം മതി മനോജ് കെ ജയന്റെ കണ്ണുകളിൽ കുടികൊള്ളുന്ന ഭാവപ്രകടനങ്ങളുടെ വ്യാപ്തി മനസിലാക്കാൻ.
അനന്തഭദ്രത്തിൽ അഭിനയിച്ച ശേഷം തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേനേടുന്നത്. എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം ഷോയിലേക്ക് കഴിഞ്ഞ ദിവസം അതിഥിയായെത്തിയപ്പോഴാണ് ഇക്കാര്യം മനോജ് കെ ജയൻ വെളപ്പെടുത്തിയത്. അനന്തഭദ്രം ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘അനന്തഭദ്രം ഒരുപാട് ഓർമകൾ സമ്മാനിച്ച സിനിമയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോൾ സന്തോഷ് ശിവൻ സാർ പറയും വിശ്രമിച്ചോളൂ… ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാൻ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്.
അസാധ്യ കലാകാരനാണ്. ഞാൻ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാൽ ഞാൻ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കിൽ ക്യാരക്ടർ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുകയെ ചെയ്യൂ… നേരത്തെയൊക്കെ ഞാൻ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോൾ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും.’
ALSO READ
‘ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. ഞാൻ ബാറിലൊന്നും പോവാറില്ലായിരുന്നു. മോളൊക്കെ വളർന്ന് വന്നപ്പോഴേക്കും അതങ്ങ് നിർത്തി. 16 വർഷമായി മദ്യപാനമില്ല ബിയർ, വൈൻ, കള്ള്, പുകവലി ഒന്നും ഉപയോഗിച്ചിട്ടില്ല’ മനോജ് കെ ജയൻ പറയുന്നു. അവസാനം റിലീസ് ചെയ്ത മനോജ് കെ ജയൻ സിനിമ സല്യൂട്ടായിരുന്നു. ദുൽഖർ സൽമാൻ നായകനായ സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിയ്ക്കുന്നത്.