ഈ അവസ്ഥയില്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു, പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല: സിനിമയില്‍ സജീവമല്ലാത്തതിനെ പറ്റി പ്രേമം നടി മഡോണയുടെ വെളിപ്പെടുത്തല്‍

29

പ്രേമം സിനിമയിലൂടെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെട്ട നടിയാണ് മെഡോണ സെബാസ്റ്റ്യന്‍. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചിരുന്നു. ദിലീപ് നായകനായ കിങ്ലിയര്‍ എന്ന ചിത്രത്തിന് ശേഷം താരത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇപ്പോഴിതാ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുകയാണ് താരം. ആസിഫ് അലി നായകനാകുന്ന ഇബ്ലീസിലൂടെയാണ് തിരിച്ചുവരവ്. ഇത്രയും കാലം എവിടെപോയെന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നല്‍കി.

Advertisements

‘ഞാന്‍ എവിടെയും പോയിട്ടൊന്നുമില്ല. മലയാളത്തില്‍ നിന്ന് മാറി നിന്നിരുന്നു. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഒട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ദിവസത്തില്‍ ഇടവേളകള്‍ പോലും ഇല്ലായിരുന്നു. അങ്ങനെ വര്‍ക്ക് കുറച്ചുകൂടി എളുപ്പമാക്കാന്‍ സമയം മാറ്റിവച്ചു.

ജോലിമൂലമുണ്ടായ ശാരീരിക വിഷമതകളാണ് കുറച്ചു നാള്‍ മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. ജോലിക്കിടയില്‍ ആവശ്യമായ വിശ്രമസമയം ലഭിച്ചതേയില്ല. ഈ സമയം കഠിനമായ തലവേദനയും പിടിപെട്ടു. ലൊക്കേഷനിലെ പൊടിയും ചൂടും വല്ലാതെ വലച്ചു. ശരീരം നോക്കാനെ സാധിച്ചില്ല, ഒപ്പം മാനസിക പിരിമുറുക്കവും.

ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല. അങ്ങനെ ഒടുവില്‍ ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്.

അതു കഴിഞ്ഞുള്ള കുറച്ചു മാസങ്ങള്‍ ഞാന്‍ ധാരാളം യാത്രകള്‍ ചെയ്തു. ഗോവയില്‍ രണ്ടു തവണ പോയി. മണാലി, അബുദാബി എന്നിവിടങ്ങളിലും പോയി. മൂന്നാറിലും പലതവണ പോയി. വീട്ടുകാരോടൊപ്പം സമയം ചെലവഴിച്ചു. അതിനിടയിലാണ് ഇബ്ലീസിന്റെ കഥ കേള്‍ക്കുന്നതും ചെയ്യാന്‍ തീരുമാനിക്കുന്നതും; മഡോണ പറയുന്നു.

കുറച്ച് റിസ്‌ക് ഉള്ള ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. സെന്‍സിറ്റീവ് ആയ പെണ്‍കുട്ടിയാണ് ഞാന്‍. എല്ലാവരും പറയുന്നത് ഞാന്‍ വളരെ കോണ്‍ഫിഡന്റായ പെണ്‍കുട്ടിയാണെന്നാണ്. എന്നാല്‍ എപ്പോഴും ഒരു പിന്തുണ വേണ്ടിവരുന്നയാളാണ് ഞാനെന്നതാണ് യാഥാര്‍ത്ഥ്യം.

പലചോദ്യങ്ങളും ഇതിനിടയില്‍ നേരിടണം, എന്താണ് അങ്ങനെ ചെയ്യാത്തത്, വിവാഹം കഴിച്ച് ഏതെങ്കിലും വേറെ ജോലി നോക്കിക്കൂടെ? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഇതൊക്കെ നേരിടാന്‍ യോഗ എന്നെ ഒരുപാട് സഹായിച്ചു. എന്നെ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നു.’-മഡോണ പറഞ്ഞു.

തമിഴില്‍ രണ്ടു ചിത്രങ്ങളിലും പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും മഡോണ ഇക്കാലയളവില്‍ അഭിനയിച്ചു. വിജയ് സേതുപതി നായകനാകുന്ന ജുങ്ക എന്ന പുതിയ ചിത്രത്തിലും മഡോണ അഭിനയിക്കുന്നുണ്ട്. പക്ഷേ മറ്റു മുന്‍നിര നായികമാരെ പോലെ അഭിനയത്തില്‍ സജീവമല്ല നടി. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം.

Advertisement