മെഗാസ്റ്റാർ മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രം തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്.
മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ്.
ആ ചിത്രം നിർമിച്ചത് നെൽസൺ ഐപ്പ് എന്ന നിർമാതാവാണ്. അദ്ദേഹത്തിന്റെ ജീവിതം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ദുബായിയിലെ നിരത്തുകളിൽ ടാക്സി ഓടിച്ചു നടന്നിരുന്ന നെൽസൺ ഐപ്പ് ഒരിക്കൽ പോലും വിചാരിച്ചില്ല ഇന്ന് താൻ ഇത്രയും മുതൽ മുടക്കുള്ള ഒരു സിനിമയുടെ നിർമ്മാതാവ് ആകുമെന്ന്.
ദിവസം 500 ദർഹം ഉണ്ടാക്കാൻ കഷ്ടപ്പെട്ടിരുന്ന ഒരു പ്രവാസിയിൽ നിന്നും നെൽസൺ ഇപ്പോൾ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്ന ആളായി മാറി കഴിഞ്ഞു. സ്വരുക്കൂട്ടിയ കാശ് കൊണ്ട് ആദ്യം ഒരു ലോറി വാങ്ങിയ അദ്ദേഹം പിന്നീട് മൂന്ന് വാഹനത്തിന്റെ ഉടമയായി.
എന്നാൽ മൂന്ന് വണ്ടികളിൽ ഒന്ന് മറിഞ്ഞത് മൂലം ഉണ്ടായ ഭീമമായ നഷ്ടം നികത്താൻ മറ്റു വണ്ടികൾ വിറ്റ അദ്ദേഹം വീണ്ടും മുതലാളിയിൽ നിന്ന് തൊഴിലാളി ആയി മാറി.
അവിടെ നിന്നു ഏറെ കഷ്ടപ്പെട്ട് മുന്നിലേക്ക് വന്ന അദ്ദേഹം ഇന്ന് അസംഖ്യം വാഹനങ്ങളുടെ ഉടമയാണ്. ഇളയ കുഞ്ഞിന് പാല് വാങ്ങാൻ പോലും പണമില്ലാത്തിടത്തു നിന്നുമാണ് ഇന്നത്തെ ജീവിതത്തിലേക്ക് താൻ എത്തി നില്കുന്നത് എന്ന് ഈ കുന്നംകുളത്തുകാരൻ പറയുന്നു.