മലയാളികൾ ഒരു പ്രത്യേക ഇഷ്ടമുള്ള നടനാണ് വിനീത്. നടനും നർത്തകനുമായ വിനീത് 35 വർഷത്തിൽ അധികമായി മലയാളസിനിമയുടെ ഭാഗമാണ്. നായകനായും പ്രതിനായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും വിനീത് കെട്ടിയാടിയ വേഷങ്ങൾ അനവധിയാണ്.
1985 ലാണ് വിനീത് സിനിമയിലേക്ക് വരുന്നത്. ഇതിനോടകം നൂറ്റിഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം അനുഗ്രഹമായി കാണുന്ന താരം കൂടിയാണ് വിനീത്. സിനിമകളുടെ എണ്ണത്തിനപ്പുറം ക്വാളിറ്റിയിലാണ് എന്നും വിനീത് ശ്രദ്ധിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്കു, ഹിന്ദി, കന്നട സിനിമകളിലും വിനീത് അഭിനയിച്ചിട്ടുണ്ട്.
ALSO READ
മണിച്ചിത്രത്താഴിലെ രാമനാഥന്റെ റോളിന് വേണ്ടി ഫാസിൽ ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്ന് വിനീത് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരിണയത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നത് കൊണ്ടാണ് ആ സിനിമ വിനീതിന് നഷ്ടപ്പെട്ടത്. പരിണയത്തിലും ശ്രദ്ധേയമായ വേഷമായിരുന്നു വിനീതിന്. മലയാളത്തിൽ രാമനാഥൻ കൈവിട്ടെങ്കിലും തമിഴിലും ഹിന്ദിയിലും മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ അഭിനയിക്കുവാനുള്ള ഭാഗ്യം വിനീതിന് തന്നെയായിരുന്നു.
വിനീതിലെ നർത്തകന് ഒരുപാട് ആരാധകരുണ്ട്. ലൂസിഫറിന് ശേഷം താരത്തിന്റെ ശബ്ദത്തിനും ആരാധകരുണ്ടായി തുടങ്ങി. സിനിമാ ജീവിതത്തിലെ ഓർമകൾ പങ്കുവെച്ചുള്ള വിനീതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് ഓർമകളും അനുഭവങ്ങളും പങ്കുവെച്ചത്. ‘ലൂസിഫറിലെ വില്ലന് ശബ്ദം കൊടുക്കാൻ ക്ഷണം വന്നപ്പോൾ എനിക്ക് ഭയമായിരുന്നു. ആദ്യം വിശ്വസിച്ചിരുന്നില്ല. അത്രത്തോളം വലിയ ബിഗ് ബജറ്റ് സിനിമയായിരുന്നുവല്ലോ… പിന്നെ രാജുവാണ് ക്ഷണിച്ചത്. അവർ നിരവധി പരീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. ഒന്നും ശരിയാവാതിരുന്നതിനാലാണ് എനിക്ക് അവസരം കിട്ടിയത്.’
ALSO READ
‘പണ്ട് അഭിനയിക്കുന്ന കാലത്ത് സ്വന്തം ശബ്ദത്തിന് ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാലും ആരും അനുവദിക്കില്ലായിരുന്നു. അന്നൊക്കെ കൃഷ്ണ ചന്ദ്രനായിരുന്നു ശബ്ദം നൽകിയിരുന്നത്. ഐ.വി ശശി സാറിന്റെ കൈയ്യിൽ നിന്നാണ് ആദ്യത്തെ പ്രതിഫലം ലഭിച്ചത്. അതൊരു വലിയ അനുഗ്രഹമായിരുന്നു. സീമ ചേച്ചിയും മറ്റ് നിരവധി കലാകാരന്മാരും അന്ന് അവിടെ ഉണ്ടായിരുന്നു. ആയിരത്തൊന്ന് രൂപയായിരുന്നു പ്രതിഫലം.
കുട്ടിയായിരുന്ന സമയത്ത് സെറ്റുകളിൽ ചെല്ലുമ്പോൾ താരങ്ങളെല്ലാം വിശ്രമ സമയങ്ങളിൽ ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ലാലേട്ടൻ, മമ്മൂക്ക ന്നിവരുടെ ഓട്ടോഗ്രാഫും ഞാൻ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഓർമയുടെ ചെപ്പിൽ എനിക്കൊരു അൽപം ഇടം എന്നാണ് അന്ന് മമ്മൂക്ക അതിൽ എഴുതി തന്നത്’ വിനീത് പറയുന്നുണ്ട്.