തീയ്യറ്ററുകളില്‍ റിലീസ് ചെയ്ത് വാരങ്ങള്‍ പിന്നിട്ടിട്ടും ലൂസിഫര്‍ സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എട്ട് ദിവസത്തിനുള്ളില്‍ ചിത്രം കളക്ട് ചെയ്തത് 100 കോടിയായിരുന്നു.
ഇതോടെ മലയാള സിനിമയില്‍ പുതിയൊരു റെക്കോഡ് സൃഷ്ടിക്കുകയായിരുന്നു ഈ വിജയം. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തി തിയേറ്ററുകളില്‍ മാസിന്റെ മാസ്മരിക ലോകം തീര്‍ക്കുകയായിരുന്നു സൂപ്പര്‍താരം മോഹന്‍ലാല്‍.
ലാലേട്ടനെ താന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അതായിരിക്കും ലൂസിഫര്‍ എന്ന വാഗ്ദാനം പൃഥ്വിരാജ് അക്ഷരംപ്രതി തന്നെ നടപ്പാക്കി. ലൂസിഫറിന്റെ യഥാര്‍ത്ഥ മുഖം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകഴിഞ്ഞു. ഖുറേഷി അബ്‌റാം എന്ന അധോലോക രാജാവിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. എംപുരാന്‍ തിരക്കഥയും കഥയും ഒരുക്കി മുരളി ഗോപിയും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ ചിത്രം നിര്‍മ്മിച്ചത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ചിത്രത്തില്‍ മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും പൊളിറ്റിക്‌സില്‍ ഇടപെടുന്നതിനെ കുറിച്ചായിരുന്നു പ്രധാനമായും സിനിമ പറഞ്ഞത്. വിവേക് ഒബ്‌റോയ് അവതരിപ്പിച്ച ‘ബോബി’ എന്ന വില്ലന്‍ കഥാപാത്രമായിരുന്നു ചിത്രത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്.
‘സ്റ്റീഫന്‍ നെടുമ്പള്ളി’ എന്ന നായക കഥാപാത്രം മയക്കമരുന്ന് ഇടപാടിന് എതിരെ ബോബിക്ക് മുന്നറിയിപ്പ് നല്‍കുന്ന രംഗമൊക്കെ ആരാധകര്‍ക്ക് രോമാഞ്ചമുണ്ടാക്കിയതാണ്.
ഇപ്പോഴിതാ അന്ന് സിനിമയില്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തില്‍ നടക്കുകയാണ് എന്ന് പറയുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാനാകില്ലെന്നും മുരളി ഗോപി പറയുന്നു.
‘2018ഇല്‍ ‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍, 5 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന്,അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര തന്നെ പൊതു ഉത്‌ബോധനം നടത്തിയാലും, മുന്‍ വാതില്‍ അടച്ചിട്ട് പിന്‍ വാതില്‍ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത മാരക രാസങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.’- എന്നാണ് മുരളി ഗോപിയുടെ കുറിപ്പ്.