ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒടിയനു ശേഷം താരരാജാവ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.
അതിനാല്‍ തന്നെ മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫറിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാല്‍ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വ്യാജ വാര്‍ത്തകളും പ്രത്യഷപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത് വന്നിരിക്കുകയാണ്.
അനാവശ്യ ഹൈപ്പ് നല്‍കി ചിത്രത്തെ നശിപ്പിക്കരുത് എന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.
പ്രിയ സുഹൃത്തുക്കളെ,”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ ”വാര്‍ത്തകള്‍” (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു ഹൈപ്രൊഫൈല്‍ അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”.
ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു. ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്.’
‘ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും. സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുക.’ മുരളി ഗോപി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമയാണ് ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.