എക്കാലത്തെയും മലയാള സിനിമയിലെ വലിയ വിജയം ആയി മാറിയ ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്.
മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടിയെടുത്തു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു.
ഇപ്പോഴിതാ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെ ആ വാർത്ത സ്ഥിതീകരിച്ചു കഴിഞ്ഞു.
ലൂസിഫർ രണ്ടു ഭാഗങ്ങൾ ആയി ഒരുക്കാൻ ആണ് ആദ്യം പ്ലാൻ ചെയ്തത് എന്നും, പിന്നീട് ഒരു ഭാഗം ചെയ്ത് അതിന്റെ വിജയപരാജയങ്ങൾ അറിഞ്ഞതിനു ശേഷം മതി രണ്ടാം ഭാഗം എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഇതിന്റെ രണ്ടാം ഭാഗം വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം ആയിരിക്കും എന്നും ലാലേട്ടനും ആന്റണി ചേട്ടനും ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം എന്നും പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിൽ വളരെ ചെറിയ ഒരു റോളിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു. സയ്യദ് മസൂദ് എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാലിന്റെ എബ്രഹാം ഖുറേഷിക്ക് ഒപ്പം തന്നെ സയ്യദ് മസൂദും പ്രാധാന്യമേറിയ ഒരു കഥാപാത്രം ആയി ഉണ്ടാകും എന്നും പൃഥ്വിരാജ് പറഞ്ഞു.
അഭിനേതാവ് എന്ന നിലയിൽ ഇപ്പോൾ താൻ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ തീർത്തിട്ട് വേണം ലൂസിഫർ 2 ആരംഭിക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്.