ഒരിടവേളക്ക് ശേഷം തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയ് നായകന് ആകുന്ന ഏറ്റവും പുതിയ സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന് ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ.
ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തുന്ന ബ്രഹ്മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ ദളപതിയുടെ പിറന്നാള്‍ ദിനത്തിന്റെ ആദ്യ സെക്കന്റില്‍ പുറത്തിറക്കിയിരുന്നു. ഇത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചത്.
ലിയോ റിലീസാവും മുമ്പേ ബുക്കിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയിരുന്നു. ട്രേഡ് അനലിസ്റ്റ് രാജശേഖറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുകെയിലാണ് ലിയോയുടെ മുന്നേറ്റം. റിലീസിന് ആറ് ആഴ്ച മുമ്പേ യുകെയില്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതേസമം, ഇന്ത്യയിലും ആരാധകര്‍ ട്രെയ്ലര് റിലീസായതുമുതല്‍ ആവേശത്തിലാണ്.
ഇപ്പോഴിതാ സംവിധായകന് ലോകേഷ് കനകരാജ് ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ലിയോയിലെ വിജയിയുടെ കഥാപാത്രത്തിന് പഞ്ച് ഡയലോഗോ ഇന്‍ട്രോ പാട്ടോ ഉണ്ടാവില്ലെന്നും പൂര്‍ണമായും കഥയെ ഉള്‍ക്കൊണ്ടാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും ലോകേഷ് പറയുന്നു.
എന്നാല്‍ ചിത്രത്തിന്റെ കഥ പൂര്‍ണമായും വിജയിയുടെ കഥാപാത്രത്തിന്റെ തോളിലായിരിക്കും. നാല്‍പ്പതുകളുടെ മധ്യത്തിലുള്ള ഒരാള്‍ എങ്ങനെ നടന്ന് വരുമോ അതേ ചെയ്തിട്ടുള്ളൂവെന്നും സംസാരം പോലും അദ്ദേഹത്തിന്റെ സ്റ്റൈലില്‍ അല്ലെന്നും ലോകേഷ് പറഞ്ഞു.