കഴിഞ്ഞ ദിവസം ആയിരുന്നു നടി ലിസിയുടെ പിറന്നാൾ. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയത്. അതേസമയം പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയും ലിസി പങ്കുവെച്ചു. ഈ സാരിക്ക് പിന്നിൽ ഒരു കഥയുണ്ടെന്നും ലിസി പറയുന്നു.
ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികൾ നെയ്ത സാരികളിൽ ഒന്നാണ്. ആ ദിനങ്ങൾ ആരും മറന്നുപോകാൻ സാധ്യതയില്ല. 2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയത്തെ ആരും അത്ര എളുപ്പമൊന്നും മറക്കില്ല. അതിൽ ഏറെ നാശനഷ്ടങ്ങൾ നേരിട്ടവരുടെ കൂട്ടത്തിൽ ചേന്ദമംഗലത്തെ പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമുണ്ട്. പൂർത്തിയായ വസ്ത്രങ്ങൾ ഉൾപ്പെടെ മുഴുവൻ നെയ്ത്തും പെരുമഴപ്പെയ്ത്തിൽ ഒലിച്ചുപോയി.
അവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനായി അഞ്ചുപേർ ചേർന്ന് കെയർ ഫോർ ചേന്ദമംഗലം എന്നപേരിൽ ചെന്നൈയിൽ നിന്നും ഒരു കൈത്താങ്ങായി മാറി. സ്ത്രീകൾ മാത്രമുള്ള 43 പേരുടെ ക്ലസ്റ്ററായി അവർ രൂപീകൃതമായി. എറണാകുളത്തെ ചെറായിയിൽ 1947ൽ തുടക്കമിട്ട ചേന്ദമംഗലം ഹാൻഡ്ലൂം വീവേഴ്സ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ അന്ന് നൂറിലധികം പേര് പ്രവർത്തിച്ചിരുന്നു. ഇന്നുള്ള 43 പേരിൽ സൊസൈറ്റി വർക്ഷെഡ്ഡിൽ നിന്നും 26 പേരും വീട്ടിൽ നിന്നും മറ്റുള്ളവരും തൊഴിലെടുക്കുന്നു.
സാരി, ഡബിൾ മുണ്ട്, സെറ്റ് മുണ്ട്, കാവി മുണ്ട്, ബെഡ്ഷീറ്റ്, തോർത്ത് തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഈ നെയ്ത്തുകാർ ചെയ്ത് നൽകുന്നുണ്ട്. അവർ നെയ്ത സാരിയാണ് ധരിച്ചിരിക്കുന്നത്. ചേന്ദമംഗലം വീവേഴ്സിനെ കുറിച്ച് വിശദമായൊരു കുറിപ്പ് നടി പങ്കിട്ടു.