മലയാള്തതിന്റെ സൂപ്പർതാരവും നിർമ്മാതാവും സംവിധായകനും ഒക്കെയാണ് നടൻ പൃഥ്വിരാജ്. ഇപ്പോൾ സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ് വിശ്രമത്തിലാണ്. ഇതിനിടെയാണ് താരത്തിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോന്റെ പിറന്നാൾ എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തന്നെ തന്റെ പങ്കാളിക്ക് ആശംസകൾ നേർന്നുകൊണ്ട് പൃഥ്വി പോസ്റ്റ് പങ്കിട്ടിരുന്നു.
സുപ്രിയ പൊതുവെ പിറന്നാൾ ആഘോഷിക്കുന്നത് പൃഥ്വിക്കൊപ്പം വിദേശത്തടക്കം യാത്ര ചെയ്തുകൊണ്ടാണ്. യാത്രയ്ക്കിടെ ജന്മദിനാഘോഷം നടത്തുന്ന പതിവ് ഇത്തവണ തെറ്റിയിരിക്കുകയാണ്. പൃഥ്വിക്ക് യാത്ര ചെയ്യാനാകാത്തതിനാൽ വീട്ടിൽ തന്നെയാണ് ആഘോഷങ്ങൾ.
ഇതിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് നിർമ്മാണ പങ്കാളിയായ ലിസ്റ്റിൻ സ്റ്റീഫൻ. ‘കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്‌പെൻഡ് ചെയ്ത് ബർത്ത്‌ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്.. ഈ വർഷം ഭർത്താവിന് പണികിട്ടിയത്‌കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്‌ഡേ ആഘോഷിക്കാം.’
‘തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്‌ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് …ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് … ഇനി ഞാൻ ഒന്നും പറയുന്നില്ല Happy Birthday Dear Supriya …. God Bless. NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്. – എന്നാണ് രസകരമായി ലിസ്റ്റിൻ കുറിച്ചിരിക്കുന്നത്
അതേസമയം, രാജുവും സുപ്രിയയും സ്‌ട്രൈറ്റ് ഫോർവേഡ് ആയിട്ടുള്ള ആളുകളാണെന്നാണ് മുൻപൊരു അഭിമുഖത്തിൽ ലിസ്റ്റിൻ പറഞ്ഞത്. ‘അവർക്കെന്താണോ പറയാനുള്ളത് അവരത് നേരിട്ട് പറയും. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് രണ്ടു പേരുടെയും ശൈലി.’
‘നമ്മൾ എല്ലാം മറ്റുള്ളവർക്ക് എന്ത് തോന്നും എന്നെല്ലാം ചിന്തിച്ച്, വളഞ്ഞു വളഞ്ഞ് ചെല്ലുമ്പോഴേയ്ക്കും കാര്യം കഴിയാറായിട്ടുണ്ടാകും. ഇവരുടെ വാക്കുകൾ പെട്ടെന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ടെൻഷൻ ഉണ്ടാകുമെങ്കിലും, പിൽക്കാലത്തേയ്ക്ക് വിരോധം ഉണ്ടാകില്ല’,-ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതിങ്ങനെ.