ഒടിയന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മഹാഭാരതം എംടിയുടെ രണ്ടാമൂഴമെന്ന വാര്‍ത്ത നിഷേധിച്ച് എംടിയുടെ അഭിഭാഷകന്‍ രംഗത്ത്. 1200 കോടി രൂപ ചെലവില്‍ മഹാഭാരതം എന്ന പേരില്‍ ചിത്രം ഒരുങ്ങുന്നുണ്ടെന്നും കരാറില്‍ നിര്‍മാതാവും സംവിധായകനും ഒപ്പു വെച്ചതായി കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചിരുന്നു.
നിര്‍മാതാവ് ഡോ എസ്‌കെ നാരായണനും ശ്രീകുമാര്‍ മോനോനും കരാറില്‍ ഒപ്പുവെക്കുന്ന ചിത്രം പുറത്തുവിട്ടായിരുന്നു ജോമോന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ സിനിമയ്ക്ക് എംടിയുടെ രണ്ടാമൂഴവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.
എംടിയുമായി മോഹന്‍ലാല്‍ ചര്‍ച്ച നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മഹാഭാരതവുമായി മുന്നോട്ടുപോകാന്‍ ധാരണയായിയെന്നും ജോമോന്‍ പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കരാര്‍ ലംഘനത്തിന്റെ പേരില്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കുകയാണ്.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. തിരക്കഥ സിനിമയാക്കുന്നതിന് നേരത്തേ തന്നെ കോടതി താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.