അന്തരിച്ച സംവിധായകന്‍ ഐവി ശശി മലയാളത്തിലെ എക്കാലത്തേയുംമികച്ച സംവിധായകരില്‍ ഒരാളായിരുന്നു. 150ഓളം ചിത്രങ്ങള്‍ ഒരുക്കിയ ഈ മാസ്റ്റര്‍ ക്രാഫ്റ്റ്മാനും പക്ഷേ അവസാനകാലത്ത് മലയാള സിനിമയില്‍നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്.
എഴുപതുകളിലും എണ്‍പതുകളിലുമായി ഒരേസമയം രണ്ടുമൂന്നും സിനിമകള്‍ വരെ ഷൂട്ട് ചെയ്ത ആളായിരുന്നു ഐ.വി ശശി. എം ടിയും, പത്മരാജനും, ലോഹിതദാസും ടി.ദാമോദരനും രഞ്ജിത്തും അടക്കമുള്ള മുന്‍നിര എഴുത്തുകാരെവെച്ച് ഹിറ്റുകളുടെ പരമ്പരയാണ് അദ്ദേഹം ഒരുക്കിയത്.
എന്നാല്‍ പിന്നീട് നല്ല തിരക്കഥകള്‍ ഇല്ലാതായതോടെ ഐവി ശശിയുടെ പതനം തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ‘ദേവാസുര’മായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സൂപ്പര്‍ ഹിറ്റ്. പിന്നീട് 1997ല്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള ‘വര്‍ണ്ണപകിട്ട്’ അദ്ദേഹത്തിന്റെ അവസാനമായി സാമ്പത്തിക വിജയം നേടിയ ചിത്രവുമായി. 2000ത്തില്‍ ഇറങ്ങിയ മോഹന്‍ലാല്‍ നായനായ ‘ശ്രദ്ധ’ വലിയ പരാജയമായതോടെ താരങ്ങള്‍ അദ്ദേഹത്തെ അവഗണിക്കാനും തുടങ്ങി.
തുടര്‍ന്നുണ്ടായ രണ്ട് പരാജയ ചിത്രങ്ങള്‍ക്ക് ശേഷം 2006ല്‍ എടുത്ത ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം തീര്‍ത്തും കൈപ്പേറിയ അനുഭവമാണ് അദേഹത്തിന് സമ്മാനിച്ചത്. മലയാള സിനിമ ഈ രീതിയില്‍ താരാധിപത്യത്തിലേക്ക് വീണാല്‍ പിന്നെ സംവിധായകന് എന്തുപ്രസക്തിയെന്ന ശശി പറഞ്ഞിരുന്നു. കാസ്റ്റിങ്ങ് തൊട്ട് തിരക്കഥയും ഡയലോഗുകളും വരെ മമ്മൂട്ടിയെന്ന സൂപ്പര്‍താരം തീരുമാനിക്കുന്ന അവസ്ഥ കണ്ട് ഐ.വി ശശിയും അമ്പരന്നുപോയി.
‘പണ്ടൊക്കെ ഞങ്ങള്‍ ഒന്നിച്ച് ജോലി ചെയ്ത് നടനെന്നോ, ടെക്നീഷ്യനെന്നോ ഭേദമില്ലാതെ ഒന്നിച്ച് കഴിയുകയായിരുന്നു പതിവ്. ആ കൂട്ടായ്മ എപ്പോഴോ നഷ്ടമായി. കാരവന്‍ സംസ്‌ക്കാരം ഇവിടെയും വരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ബല്‍റാം വേഴ്സസ് താരാദാസ് എന്ന ചിത്രം എടുത്തതോടെയാണ് മലയാളത്തില്‍ സംവിധകയകന്റെ റോള്‍ കുറഞ്ഞുവരികയാണെന്ന് മനസ്സിലായത്’- അന്ന് ഐവി ശശി പറഞ്ഞതാണ് ഈ വാക്കുകള്‍.
എന്നാല്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ അടക്കമുള്ളവര്‍ക്ക് പറയാനുള്ളത് കുറേക്കൂടി ഞെട്ടിക്കുന്ന കഥകള്‍ ആയിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ പലപ്പോഴും ഒറ്റക്കിരുന്ന് കരയുന്ന ഐ.വി ശശിയെ താന്‍ കണ്ടിട്ടുണ്ടെന്നാണ് ലിബര്‍ട്ടി ബഷീര്‍ അന്ന് ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് പോലും ശശിസാര്‍ എന്ന് വിളിക്കുന്ന സംവിധായകനാണ് ഈ അവസ്ഥ വന്നതെന്ന് ഓര്‍ക്കണം. ചിത്രത്തിലുള്ള മമ്മൂട്ടിയുടെ കൈകടത്തലുകള്‍ അദ്ദേഹത്തിന് താങ്ങാനായില്ല.
എല്ലാകാര്യവും മമ്മൂട്ടി തീരുമാനിക്കുന്നത് കടുത്ത മാനസിക പീഡനമാണ് ഐ.വി ശശിക്ക് ഉണ്ടാക്കിയത്.ശശിയുടെ ഹിറ്റ്മേക്കര്‍ ടി.ദാമോദരന്‍ എഴുതിയ തിരക്കഥയുടെ പുറത്ത് എസ്.എന്‍ സ്വാമിയെക്കൂടി സഹഎഴുത്തുകാരനായി കൊണ്ടുവന്നത് മമ്മൂട്ടിയാണ്. അതിന്റെ ഫലമോ,ദാമോദരന്‍ മാഷുടെ തീപ്പൊരി ഡയലോഗുകള്‍ തുമ്പില്ലാതെ മാറിയെന്ന് ലിബര്‍ട്ടി ബഷീര്‍ തുറന്നടിച്ചിരുന്നു. ബല്‍റാം വേഴ്സസ് താരാദാസ് വലിയ ഫ്ളോപ്പായി മാറിയതോടെ കുറ്റം ഐവി ശശിയുടെ തലയിലുമായി.
തുടര്‍ന്ന് അദ്ദേഹം സ്വന്തം കൈയില്‍നിന്ന് പണം മുടക്കി 2009ല്‍ ഇറക്കിയ ‘വെള്ളത്തൂവല്‍’ എന്ന ചിത്രവും പരാജയമായി. അദ്ദേഹത്തിന്റെ അവസാന ചിത്രവും ഇതുതന്നെയാണ്. പല പരാജയ ചിത്രങ്ങളുടെയും നിര്‍മ്മാതാവും ശശിതന്നെയായിരുന്നതിനാല്‍ അവസാനകാലത്ത് അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഉയര്‍ച്ച താഴ്ചകളുടെ മേഖലയാണെന്ന് പറയുകയല്ലാതെ തന്റെ വിഷമങ്ങള്‍ അദ്ദേഹം ആരെയും അറിയിച്ചില്ല.
മോഹന്‍ലാലുമായും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന ഐവി ശശി , പുതിയ പടത്തിന് ലാലിന്റെ ഡേറ്റിനായി ഏറെക്കാലം കാത്തിരുന്നിരുന്നു.മൂന്നുവര്‍ഷത്തോളം ലാല്‍ ഇങ്ങനെ അദ്ദേഹത്തെ വട്ടംകറക്കി.ഒടുവില്‍ ശശിതന്നെ ആ പ്രൊജക്റ്റ് ഒഴിവാക്കുകയായിരുന്നു. അപ്പോഴും നല്ലൊരു സ്‌ക്രിപ്റ്റ് വന്നാല്‍ ഏത് നിമിഷവും തന്റെ സഹകരണം ഉണ്ടാവുമെന്ന് ലാല്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കിയിരുന്നു.