മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു.
ആരാധകരും സിനിമാലോകവും ഉറ്റുനോക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ അല്ലെങ്കിൽ അടുത്ത വിഷു സീസണിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സൂചന.
പുതിയ റിപ്പോർട്ടുകൾ പ്രകാരം പത്തു ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
അത് സാധിച്ചാൽ ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മരക്കാർ മാറും. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരാടി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.
മോഹൻലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നു. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിലുണ്ട്.
സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തിരു ആണ്.
പാട്ടുകൾക്ക് ഈണം നൽകുന്നത് നാല് സംഗീത സംവിധായകരാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ് ന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നൂറു കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്കിൽ ആണ് മരക്കാർ ഒരുക്കുന്നത്