ലൂസിഫര്‍ സൂപ്പര്‍ഹിറ്റ് ആവാന്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ 101 കലം പൊങ്കാല നേര്‍ന്ന് ലാലേട്ടന്റെ ആരാധികമാര്‍

27

മലയാളത്തിലെ യുവതാരം പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഏറെനാളായി സമൂഹമാധ്യമങ്ങളില്‍ സജീവമായ വിഷയങ്ങളിലൊന്ന്.

മോഹന്‍ലാലിന്റെ ലൂസിഫര്‍ അവതാരത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും താരത്തിന്റെ ആരാധകരുമെല്ലാം.

Advertisements

മാര്‍ച്ച് 28 ന് വ്യാഴാഴ്ച ചിത്രം വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുമ്പോള്‍ സിനിമയുടെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചും വഴിപാടുകള്‍ കഴിപ്പിച്ചും ആരാധകരും രംഗത്തുണ്ട്.

ലൂസിഫര്‍ ഹിറ്റ് ആവാന്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ 101 കലം പൊങ്കാല നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാലിന്റെ ഏതാനും ആരാധികമാര്‍.

യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് വുമണ്‍സ് വിംഗിലെ ആരാധികമാരാണ് പൊങ്കാല വഴിപ്പാടിന് പിറകില്‍. റിലീസിന്റെ തലേദിവസമായ മാര്‍ച്ച് 27 നാണ് വഴിപാട് രസീത് ആക്കിയിരിക്കുന്നത്.

മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.

മോഹന്‍ലാല്‍ കൂടാതെ വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ലൂസിഫറിനെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

സംവിധായകന്‍ ഫാസില്‍, സായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വികെ പ്രകാശ്, അനീഷ് ജി മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിര്‍വ്വഹിച്ചിരിക്കുന്നു.

Advertisement