കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്ത മോഹൻലാൽ-ജീത്തു ജോസഫ് സിനിമ ട്വൽത്ത്മാനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും സിനിമാപ്രേമികൾക്കിടയിലും ചർച്ചാ വിഷയം. ഒരുപാട് മിസ്റ്ററികൾ നിറഞ്ഞ ഒരു തിരകഥ ഒരു ഒഴുക്കിൽ ഇരുന്ന് കണ്ട് തീർക്കാൻ പറ്റുന്ന തരത്തിലാണ് ട്വൽത്ത് മാൻ ഒരുക്കിയിരിക്കുന്നത് എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. ഹോട്ട്സ്റ്റാറിലാണ് ട്വൽത്ത് മാൻ സ്ട്രീം ചെയ്യുന്നത്. കോവിഡ് സമയത്തുള്ള പരിമിതികളിൽ നിന്നുകൊണ്ട് ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ഇത്.
ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിച്ച് നടത്തിയ പിക്ക്‌നിക്കും ഗെറ്റ് ടുഗതറും അതിനിടയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടൻ രാഹുൽ മാധവായിരുന്നു. സാം എന്നായിരുന്നു രാഹുൽ മാധവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മുപ്പത് ദിവസത്തോളം നീണ്ട ട്വൽത്ത് മാൻ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാഹുൽ മാധവ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചത്.
ALSO READ
‘ലാലേട്ടനൊപ്പം മുമ്പും സിനിമകൾ ചെയ്തിട്ടുണ്ട്. ജീത്തു സാർ സംവിധാനം കൂടിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷമായി. മുപ്പത് ദിവസത്തോളം എല്ലാവരും ഒരുമിച്ച് ഒരു റിസോർട്ടിൽ താമസിച്ചായിരുന്നു ഷൂട്ടിങ് അതൊക്കെ കുറെ നാളുകൾക്ക് ശേഷം സംഭവിച്ച ഒന്നായിരുന്നു.’ ‘ലാൽ സാർ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തെപ്പോലുള്ളവരെ ഹാൻഡിൽ ചെയ്യേണ്ടി വന്നിട്ടില്ല. അതേസമയം രണ്ടെണ്ണം അടിച്ചിട്ട് ഇരിക്കുകയാണെങ്കിൽ ഈ സ്വഭാവത്തിലുള്ളവർ വന്നാൽ തമാശയായി എടുക്കും. അതേസമയം പച്ചയ്ക്കാണെങ്കിൽ ചിലപ്പോൾ ദേഷ്യപ്പെടും.’
‘ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ് തുടങ്ങിയവർക്കൊപ്പമെല്ലാം ഒരിടവേളയ്ക്ക് ശേഷമാണ് അഭിനയിക്കുന്നത്. ലാൽ സാറിന്റെ സ്വഭാവ സവിശേഷതയിൽ ഒരു അമ്പത് ശതമാനമെങ്കിലും എനിക്ക് കിട്ടിയാൽ ഞാൻ ഹാപ്പിയാണ്.’ ‘വലിയ സ്റ്റാറാണെന്ന ഭാവമൊന്നുമില്ലാതെ എല്ലാവരുടേയും സമയത്തിന് വില കൽപിക്കുന്ന വ്യക്തിയാണ്. അഭിനയിക്കാനുള്ള കഴിവ് മാത്രമല്ല അദ്ദേഹത്തിന്റെ ജനപ്രീതിക്ക് കാരണം അദ്ദേഹത്തിന്റെ സ്വഭാവം കൂടിയാണ്.’
ALSO READ
‘ഒരിക്കൽ പോലും അദ്ദേഹം ദേഷ്യപ്പെടുകയോ അസ്വസ്ഥതയോടെ മറ്റുള്ളവരോട് സംസാരിക്കുകയോ ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടില്ല. നല്ല സിനിമകൾ ചെയ്യണമെന്നതാണ് ആഗ്രഹം. പ്രണയമോ വിവാഹമോ ഇപ്പോൾ ചിന്തയിലില്ലെന്നും രാഹുൽ മാധവ് കൂട്ടിച്ചേർത്തു.