മലയാള സിനിമയില്‍ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാല്‍ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞു.
ലാല്‍ ജോസിന്റെ സിനിമകള്‍ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ലാല്‍ ജോസിന്റെ കരിയറില്‍ പരാജയ ചിത്രങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സിനിമാ അനുഭവങ്ങള്‍ പറയുകയാണ് ലാല്‍ ജോസ്. തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ വിക്രമാദിത്യനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്. ഇക്ബാല്‍ കുറ്റിപ്പുറം കഥയെഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നമിത പ്രമോദ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണെത്തിയത്.
ആദ്യം ചിത്രത്തില്‍ നായകനായ ആദിത്യനെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത് പൃഥ്വിരാജിനെയായിരുന്നു എന്ന് പറയുകയാണ് ലാല്‍ജോസ്. അന്നത് കുട്ടികളെ കേന്ദ്രീകരിച്ച സിനിമ ആയിരുന്നു എന്നും പിന്നീട് കഥ മാറിയപ്പോള്‍ നായകനും മാറിയെന്നാണ് ലാല്‍ ജോസ് പറഞ്ഞത്.
അന്ന് തനിക്ക് പൃഥ്വിരാജുമായി നല്ല സൗഹൃദമുള്ള സമയമായിരുന്നു. രാജുവിനോട് താന്‍ കഥ പറഞ്ഞു. ക്ലൈമാക്സില്‍ മാത്രം അഭിനയിക്കാന്‍ ഒരു മൂന്നോ നാലോ ദിവസം വരാമോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നെന്താ വരാമെന്ന് പൃഥ്വിരാജും പറയുകയായിരുന്നു.
പിന്നീട് ഒരു യാത്രയില്‍ വെച്ച് അത് അങ്ങനെ ചെയ്യണ്ട എന്ന് ഇഖ്ബാല്‍ പറഞ്ഞു. കുട്ടികളുടെ കഥ മാത്രമായി അത് കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവില്ലെന്നും ആ രണ്ട് പേരെ പിടിച്ചങ്ങ് പോയാലോ എന്നും പറഞ്ഞു.
അങ്ങനെയാണ് വിക്രമാദിത്യന്‍ എന്ന കഥ ഉണ്ടാവുന്നത്. പിന്നീട് അതിലേക്ക് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും എത്തുകയായിരുന്നുവെന്ന് ലാല്‍ജോസ് വെളിപ്പെടുത്തി.