യൂട്യൂബ് ചാനലിലൂടെ സുപരിചിതയാണ് മുൻകാലത്തെ പ്രമുഖയായ നടി കുട്ടി പത്മിനി. തമിഴിലാണ് താരം കൂടുതൽ സിനിമകൾ ചെയ്തത്. കൂടാതെ മുൻ പഴകാലത്തെ നടിമാരുമായി നല്ല സൗഹൃദമാണ് കുട്ടി പത്മിനിക്കുള്ളത്. മലയാളത്തിലടക്കം നിരവധി സിനിമകൾ ചെയ്ത നടി കനകയുടെ അവസ്ഥയെ കുറിച്ച് താരം തുറന്ന് പറയുകയും കനകയെ താൻ നേരിട്ട് കാണാൻ പോകുന്നുവെന്നും അറിയിക്കുകയും ചെയ്തിരുന്നു.
കൂടാതെ, ശ്രീവിദ്യ, സാവിത്രി തുടങ്ങിയവരെല്ലാമായി നല്ല ബന്ധം കുട്ടി പ്തമിനിക്കുണ്ടായിരുന്നു. അവരെ കുറിച്ചെല്ലാം യൂട്യൂബ് ചാനലിലൂടെ പറയുകയും ചെയ്യാറുണ്ട്. സിനിമാ നടിക്കുപരി മറ്റ് പല ചുമതലകളും താരം നിർവ്വഹിക്കാറുണ്ട്. നിർമാതാവ് കൂടിയാണ് കുട്ടി പത്മിനി.
താരം ഈയടുത്താണ് സ്വന്തം ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ജീവിതത്തിൽ രണ്ട് വിവാഹം തനിക്ക് ചെയ്യേണ്ടി വന്നുവെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. എന്നാൽ അവ രണ്ടും പരാജയങ്ങളായിരുന്നു. ആദ്യവിവാഹത്തിൽ ഒരു മകളും രണ്ടാം വിവാഹത്തിൽ രണ്ട് പെൺമക്കളുമാണ് കുട്ടി പത്മിനിക്ക് ഉണ്ടായിരുന്നത്. ഇവരെല്ലാം വിദേശത്താണ് ഉള്ളത്. ആദ്യ ഭർത്താവ് തന്നെ പിരിഞ്ഞിട്ടും അവസാന കാലത്ത് താൻ തന്നെയാണ് അദ്ദേഹത്തിന് താങ്ങായതെന്ന് കുട്ടി പത്മിനി പറയുകയാണ്.
ഒരിക്കൽ ആദ്യ വിവാഹ ബന്ധത്തിലെ തന്റെ മകൾ വിദേശത്ത് നിന്നും വിളിക്കുകയും അച്ഛൻ ലോഡ്ജിലാണെന്നും വയ്യാതായെന്നും അമ്മയ്ക്ക് നോക്കാൻ പറ്റുമോ എന്ന് ചോദിക്കുകയുമായിരുന്നു. അങ്ങനെ, താൻ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. തന്റെ ഓഫീസിൽ ജോലി കൊടുത്തു. മാസം മുപ്പതിനായിരം രൂപ ശമ്പളവും കൊടുത്തെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി.
താൻ ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു. അദ്ദേഹത്തെ നോക്കിക്കോളാമെന്ന് മകൾക്ക് വാക്ക് കൊടുത്തിരുന്നു. ഗസ്റ്റ് റൂമിൽ അദ്ദേഹത്തിന് താമസ സൗകര്യം കൊടുത്തെന്നും കുട്ടി പത്മിനി വ്യക്തമാക്കി. പിന്നീട് ഒരിക്കൽ ഹെർണിയ വന്ന ശേഷം സർജറിക്ക് കൊണ്ടുപോയി. ചെറിയ ഓപ്പറേഷനാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു.
എന്നാൽ അത് എട്ട് മണിക്കൂർ നീണ്ടു. എട്ട് മണിക്കൂറിന് ശേഷം അവർ വന്ന് രക്തഗ്രൂപ്പ് ഏതാണെന്ന് ചോദിച്ചു. വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞതിനാൽ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്ന് അറിയില്ലായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ ഒ പോസിറ്റീവ് ആണ്. രക്തം ആവശ്യമാണെന്ന് ആശുപത്രി അറിയിക്കുകയായിരുന്നു.
ഇതോടെ ഓപ്പറേഷനിടെ പിഴവ് പറ്റിയതാണെന്ന് മനസിലായി. വെജിറ്റബിൾ പോലെയാണ് അദ്ദേഹത്തെ തിരിച്ച് തന്നത്. നാല് വർഷം കഷ്ടപ്പെട്ടു. ആശുപത്രിക്കെതിരെ കേസ് കൊടുത്തു. പിന്നീട് കേസ് വിട്ടെന്നും കുട്ടി പത്മിനി പറയുന്നു.
പിന്നീട് അദ്ദേഹത്തിന് കൊറോണ ബാധിച്ച ശേഷം വീണ്ടും ആരോഗ്യം വഷളായി. കോടമ്പാക്കത്തെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. തലേന്ന് താൻ ക്ഷേത്രത്തിൽ പോയിരുന്നു. ഫോൺ ചെയ്ത് തനിക്ക് വയ്യ എന്ന് പറഞ്ഞു. രാവിലെ വരാമെന്ന് പറഞ്ഞെങ്കിലും അതിന് മുമ്പ് അദ്ദേഹം മരിച്ചുവെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി.