മലയാളികളുടെ മനസ്സിലും, മുഖത്തും ചിരി കോരിയിടുന്ന പ്രകടനങ്ങളിലൂടെ വളർന്ന് വന്ന താരമാണ് കോട്ടയം നസീർ. അദ്ദേഹത്തെ കുറിച്ച് പറയാൻ മുഖവുരകൾ ഒന്നും തന്നെ വേണ്ട എന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടവും മലയാളിക്ക് മുന്നിലായിരുന്നുവെന്ന് പറയാം. അതുകൊണ്ട് തന്നെ എല്ലാവർക്കും പ്രിയപ്പെട്ട കലാകാരൻ കൂടിയാണ് താരം.
സുബിയുടെ മരണശേഷം മലയാളികൾ ഞെട്ടലോടെ കേട്ട വാർത്തയാണ് കോട്ടയം നസീറിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നത്. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷം ആൻജിയോപ്ലാസ്റ്റി ചെയ്തു.
ഇപ്പോഴിതാ കോട്ടയം നസീറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് പറഞ്ഞ് കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് കുട്ടിക്കൽ ജയചന്ദ്രൻ. നിലവിൽ അദ്ദേഹം ഐസിയുവിലാണെന്നും, പേടിക്കേണ്ടതില്ലെന്നുമാണ് ജയചന്ദ്രൻ പറഞ്ഞിരിക്കുന്നത്. നടനും ടെലിവിഷൻ അവതാരകനും മിമിക്രി കലാകാരനുമായി വർഷങ്ങളായി സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നയാളാണ് കോട്ടംയ നസീർ. മിമിക്രിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണ് കോട്ടയം നസീർ.
കോട്ടയം നസീർ തുടക്കം കുറിക്കുന്നത് ചിത്ര രചനയിലും മിമിക്രിയിലുമായിരുന്നു. മിമിക്രി രംഗത്ത് ചലച്ചിത്ര താരങ്ങളേയും പ്രമുഖ വ്യക്തികളെയും അവരുടെ രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് താരം ശ്രദ്ധേയനായത്. 1995 മുതൽ ചെറിയ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് മലയാള സിനിമയിൽ നാൽപ്പത്തിയൊമ്പതുകാരനായ കോട്ടയം നസീർ നിറഞ്ഞു നില്ക്കുന്നത്
കോവിഡ് കാലത്താണ് കോട്ടയം നസീർ ചിത്രക്കാരനാണെന്ന് ആരാധകർ അറിയുന്നത്. അദ്ദേഹം വരച്ച ചിത്രങ്ങൾ എല്ലാം തന്നെ അത്രയും മനോഹരമായിരുന്നു. തന്റെ ചിത്രങ്ങൾക്ക് കിട്ടിയ റെസ്‌പോൺസുകൾ കണ്ട് അദ്ദേഹം അവ വില്ക്കുന്നതിനായി ഒരു വെബ്‌സൈറ്റ് തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു. 2018ൽ എക്‌സിബിഷൻ നടത്തിയപ്പോൾ ഞാൻ ഒരു പെയിൻറർ ആണെന്ന് പലർക്കും അറിയില്ലായിരുന്നു’ എന്നാണ് കൊവിഡ് കാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ കോട്ടയം നസീർ പറഞ്ഞത്. അവസാനമായി റോഷാക്കിലെ കോട്ടയം നസീറിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.