മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയങ്കരിയായ നായികയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ഇന്നും ഷീലാമ്മയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റിൽ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വർഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല.
സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന ഘടകങ്ങളാണ്. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ച ഷീലയുടെ റെക്കോർഡ് ഇന്നും ആരും തിരുത്തിയിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും മലയാളിയുടെ നായികാസങ്കല്പങ്ങളിൽ ഇന്നും ഷീലയുണ്ട്.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടി ഷീല. എല്ലാ വർഷവും വീട്ടിൽ കുഞ്ഞുപിറന്നിരുന്ന കാലത്തെ കുറിച്ചാണ് ഷീല പറയുന്നത്. ഓരോ വർഷം കൂടുമ്പോഴും അമ്മ പ്രസവിക്കും എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷീല വെളിപ്പെടുത്തുന്നത്. പിതാവ് റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നുവെന്നും ആന്റണി ജോർജ് എന്നായിരുന്നു പേരെന്നും നടി പറയുന്നുണ്ട്.
കുട്ടിക്കാലത്തെ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോഴാണ് അമ്മയുടെ എല്ലാ പതിനൊന്നാം മാസത്തിലുമുള്ള പ്രസവത്തെ കുറിച്ച് ഷീല പറഞ്ഞത്. ‘എല്ലാ കൊല്ലവും എന്റെ അമ്മ പ്രസവിക്കും. പതിനൊന്ന് മാസം തികയുമ്പോൾ വീട്ടിൽ ഒരു കൊച്ചുണ്ടാകും. അമ്മയെ ഓർക്കുമ്പോൾ ഓർമ്മയിൽ വരുന്നത് വലിയ വയറുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ്.’
‘അക്കാലത്ത് പ്രസവത്തിന് ആശുപത്രിയിൽ പോകില്ല. ഞങ്ങളുടെ ക്വാർട്ടേഴ്സിൽ നാലഞ്ച് മുറിയുണ്ട്. അമ്മ വലിയ വയറുമായി അതിലൊരു മുറിയിലേക്ക് പോകും. ഒരു നഴ്സും കൂടെയുണ്ടാകും. കുറച്ച് നേരം കഴിയുമ്പോൾ ഒരു കൊച്ചുമായി പുറത്തേക്ക് വരും. ഞങ്ങൾക്ക് അതൊന്നും ഒരു പുതുമയേ അല്ല. കാരണം എല്ലാ കൊല്ലവും കണ്ടോണ്ടിരിക്കുകയല്ലേ- എന്നും താരം പറയുന്നു.
അക്കാലത്ത് അച്ഛൻ സ്റ്റേഷൻ മാസ്റ്ററാണ്. അതുകൊണ്ടുതന്നെ ടിക്കറ്റില്ലാത്തവരെ പിടികൂടി കൊണ്ടുവരും. ആ സമയത്ത് വീട്ടിൽ എന്നും ഒന്നോ രണ്ടോ ജോലിക്കാരുണ്ടാകും. കേരളത്തിൽ നിന്നും ടിക്കറ്റില്ലാതെ വരുന്നവരാണ് ഇവർ. നാട്ടിൽ നിന്നും ജീവിത മാർഗം തേടി ഓടി രക്ഷപ്പെട്ട് വരുന്നവരായിരിക്കും. ഒന്നുകിൽ അമ്മയും മകളും, അല്ലെങ്കിൽ ഒറ്റയ്ക്ക് വരുന്നവർ. അനാഥരായ അവരെ അച്ഛൻ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വരും ഒരു ഉപജീവനമാർഗം നൽകാനായിട്ട്. ഇങ്ങനെ എന്നും വീട്ടിൽ ജോലിക്കാരുണ്ടാകും. കുറേ പിള്ളേരുടെ കൂടെ ആളായിട്ട് അവരങ്ങ് നിൽക്കുമെന്നും ഷീല പറയുന്നു.
അമ്മ നിത്യ ഗർഭിണിയായത് കൊണ്ട് കൂടെ ഒരാള് എപ്പോഴും വേണം. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഞാൻ ചെന്നൈയിലേക്ക് വന്നപ്പോഴും അവരിൽ ഒരാളായിരുന്നു കൂടെ വന്നിരുന്നത്. പഴനിയമ്മ എന്ന സുന്ദരിയായ സ്ത്രീയാണ് കൂട്ടുവന്നത്. ടിക്കറ്റ് ഇല്ലാതെ പിടിച്ചതായിരുന്നു അവരെ. അവസാനം അവർ ഞങ്ങളുടെ വീട്ടിൽ താമസമായി.
എന്നാൽ വീട്ടിൽ എത്ര ജോലിക്കാരുണ്ടെങ്കിലും ചെറുപ്പത്തിലേ അമ്മ ജോലികളൊക്കെ പഠിപ്പിച്ചിരുന്നു. തുണി അലക്കുന്നതും തയ്യലുമൊക്കെ പഠിച്ചത് അങ്ങനെയാണെന്നും ഷീല പറയുന്നു. തന്റെ പിതാവ് ആന്റണി ജോർജിന്റെ കുടുംബം ഒരു യാഥാസ്ഥിതിക റോമൻ കത്തോലിക്ക കുടുംബമായിരുന്നു. അവിടെ നാടകവും സിനിമയും പാട്ടുമൊന്നും സ്വീകാര്യമായിരുന്നില്ലെന്നാണ് താരം വെളിപ്പെടുത്തുന്നത്.
സിനിമയും പാട്ടും എല്ലാം പാപമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പോത്തന്നൂരിൽ താമസിക്കുമ്പോൾ തൊട്ടടുത്ത് ഒരു സ്റ്റേഷൻ മാസ്റ്റർ താമസിക്കുന്നുണ്ട്. അദ്ദേഹം കഥാപുസ്തകങ്ങൾ വായിച്ചിട്ട് അതെനിക്ക് തരും. അച്ഛനറിയാതെ ഞാനത് ആദ്യം മുതൽ അവസാനം വരെ വായിക്കും. അച്ഛന് പുസ്തകം വായിക്കുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും അദ്ദേഹം തികഞ്ഞ സത്യക്രിസ്ത്യാനിയായിരുന്നുവെന്നും ഷീല പറയുന്നു.