കേരളത്തിലെ പ്രത്യേകിച്ച് മലയാളത്തിലെ ആദ്യ ട്രാൻസ് വുമൺ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. ഒരുപാട് കഷ്ടതകളിലൂടെ കടന്നുവന്ന ഹെയ്ദി ഇന്ന് തല ഉയർത്തി തന്നെയാണ് ജീവിക്കുന്നത്. പൂർണമായും സ്ത്രീയായി മാറിയ ഹെയ്ദി സാദിയ ബാംഗ്ലൂരിൽ നിന്നാണ് സർജറി പൂർത്തിയാക്കിയത്. തുടർന്ന് പഠനം തുടരുകയും ജേണലിസ്റ്റായി ജോലി നേടിയെടുക്കുകയും ചെയ്തു. കേരളത്തിന് തന്നെ അഭിമാനമായി മാറി ഹെയ്ദി കഴിഞ്ഞ വർഷമാണ് വിവാഹിതയായത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളർത്തമ്മ.
ട്രാൻസ് ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയായ അഥർവാണ് ഹെയ്ദിയുടെ ഭർത്താവ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ കൈപ്പേറിയ അനുഭവത്തെപറ്റി തുറന്നുപറയകുയാണ് ഹെയ്ദി. നാല് വർഷം മുൻപ് താൻ ട്രാൻസ്ജെൻഡറാണെന്ന് ഹെയ്ദി സാദിയ തുറന്നു പറഞ്ഞതോടെ നാട്ടിലും കുടുംബത്തിലും കോലാഹലമായി എന്നാണ് അവർ പറയുന്നത്. തന്റെ വ്യക്തിത്വം ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവുണ്ടായി. സ്‌കൂളിൽ പഠിക്കുമ്പോാൾ ആരും കൂട്ടു കൂടിയിരുന്നില്ല. എന്നാൽ ഇതേ ആൾക്കാർ തന്നെ കമ്പയിൻ സ്റ്റഡി എന്ന് പറഞ്ഞു വിളിച്ചു വരുത്തി നേരം വെളുക്കും വരെ ലൈംഗികമായി ഉപദ്രവിച്ചിരുന്നെന്നും ഹെയ്ദി വെളിപ്പെടുത്തിയിരുന്നു.
അടുത്ത ബന്ധു ആയ ഒരാൾ ആണാണോ പെണ്ണാണോ എന്നറിയാൻ തന്റെ വസ്ത്രങ്ങൾ വലിച്ചു മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജിലും ഈ സ്ഥിതി തുടർന്നപ്പോൾ പാതി വെച്ച് പഠിത്തം നിർത്തേണ്ടി വന്നു. തന്റെ ആൺ ശരീരത്തിനുള്ളിൽ ഉള്ള പെൺ സത്വത്തെ വീട്ടുകാരും നാട്ടുകാരും അംഗീകരിക്കില്ല എന്ന് മനസിലാക്കിയപ്പോൾ ആണ് മലപ്പുറത്ത് നിന്നും ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നതെന്നും ഹെയ്ദി തുറന്നു പറഞ്ഞു.
അവിടെ വെച്ചാണ് ഭിക്ഷ എടുക്കേണ്ടി വന്നത്. ശാസ്ത്രക്രിയക്കുള്ള പണം വാഗ്ദാനം ചെയ്ത് അവർ തന്നെ ഉപയോഗിക്കുക ആയിരുന്നു. അങ്ങനെയാണ് അവിടെ നിന്നും ഡൽഹിലേക്ക് യാത്ര തിരിക്കുന്നത്. അവിടെ സ്ഥിതി തികച്ചും വ്യത്യസ്തം ആയിരുന്നു. അവിടെ ഞങ്ങളുടെ കമ്യൂണിറ്റിയ്ക്കൊപ്പം ചേർന്ന് ബദായി ചെയ്യാൻ തുടങ്ങി. ബദായി എന്ന് പറഞ്ഞാൽ കുഞ്ഞ് ജനിയ്ക്കുകയോ മറ്റോ ഉള്ള സന്തോഷ മുഹൂർത്തങ്ങളിൽ അവിടെ പോയി ഡാൻസ് ചെയ്യുന്നതാണ്. അതിലൂടെ എനിക്ക് വരുമാനം കിട്ടിതുടങ്ങി. അവിടെജോലി ചെയ്താണ് സർജറിക്കുള്ള പണം കണ്ടെത്തിയത്.
ബാംഗ്ലൂരിലായിരുന്നു സർജറി മൂന്ന് മണിക്കൂറ് നേരത്തെ സർജറിയും അത് കഴിഞ്ഞുള്ള ജീവിതവും വളരെ വിഷമം പിടിച്ചതായിരുന്നു. സർജറി കഴിഞ്ഞ് 24 മണിക്കൂർ കഴിയുന്നതിന് മുൻപേ തന്നെ മൂത്ര സഞ്ചിയുമായി പുറത്തേക്ക് ഇറങ്ങി. അന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു, തിരക്കുള്ള ട്രെയിനിൽ മൂത്ര സഞ്ചിയും കൈയ്യിൽ പിടിച്ചുള്ള യാത്രയൊക്കെ വളരെ ക്രൂഷ്യൽ ആയിരുന്നു.നാട്ടിൽ തിരിച്ചെത്തി റസ്റ്റ് എടുക്കുന്ന സമയത്ത് എന്നെ കാണാൻ ഞങ്ങളുടെ കമ്യൂണിറ്റിയിലെ തന്നെ പലരും വന്നു. എല്ലാവരും ആശംസിച്ചത് സുന്ദരിയായി തിരിച്ചു വരണം എന്നാണ്. എന്നാൽ രഞ്ജു അമ്മയും (രഞ്ജു രഞ്ജിമാർ) ശീതൾ ചേച്ചിയും പറഞ്ഞ വാക്കുകൾ എനിക്ക് ഭയങ്കര പ്രചോദനം ആയിരുന്നു. ‘നീ പഠിക്കണം, പഠിച്ച് നല്ല രീതിയിൽ വരണം. ലോകം നാളെ നിന്നിലൂടെ അറിയപ്പെടണം’ എന്നാണ്. അത് എനിക്ക് വലിയ പ്രചോദനം ആയിരുന്നുവെങ്കിലും എവിടെ നിന്ന് തുടങ്ങണം, എങ്ങോട്ട് പോകണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
അത്യാവശ്യം നല്ല നിലയിലുള്ള വീടും സാഹചര്യവും ഒക്കെയായിരുന്നു എന്റേത്. അവിടെ നിന്ന് ഇറങ്ങി വന്ന ഞാൻ പിന്നീട് തെരുവുകളിലാണ് കിടന്നത്. പഠനത്തോടുള്ള താത്പര്യം കാരണം പിന്നീട് ഞാൻ ഡിസ്റ്റൻസ് ആയി പഠിക്കാൻ തുടങ്ങി. ആ ഘട്ടത്തിൽ തന്നെയായിരുന്നു എന്റെ ട്രാൻസ് സെക്ഷ്വൽ പിരീഡും. ബാഗ്ലൂരിൽ നിന്ന് സർജറി പൂർത്തിയാക്കിയത് തെരുവിൽ ഭിക്ഷയെടുത്തിട്ടായിരുന്നു. സർജറി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി രഞ്ജു അമ്മയെ കണ്ടു. അവിടെ വച്ചാണ് എനിക്കൊരു ഫാമിലിയെ കിട്ടുന്നത്.അതാണ് ഇപ്പോൾ എനിക്ക് എന്റെ ധൈര്യവും.
രഞ്ജു അമ്മ എന്നെ മകളായി ദത്ത് എടുത്തു. പിന്നീട് എൻട്രൻസ് എഴുതി എൺപതാമത്തെ റാങ്ക് ഉണ്ടായിരുന്നു. അപ്പോഴാണ് അറിയുന്നത് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ട്രാൻസ്ജെന്റേഴ്സിന് ഒരു സീറ്റ് ഉണ്ട് എന്ന്. മൂന്ന് വർഷമായുള്ള സീറ്റിൽ ഇതുവരെ ഒരാളും വന്നിട്ടില്ല, ഞാൻ ആണ് ആദ്യത്തെ ആൾ. കോഴ്സ് നല്ല രീതിയിൽ പഠിച്ച് പരീക്ഷ എഴുതി ജയിച്ചു. ഇന്റൻഷിപ്പിൽ കയറിയ കൈരളി ചാനലിൽ തന്നെ ജോലിയും കിട്ടി. രണ്ട് ദിവസം കഴിഞ്ഞ് ലൈവ് ന്യൂസ് റിപ്പോർട്ട് ചെയ്യാനായി എന്നോട് പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് സെക്ഷ്വൽ റിപ്പോർട്ടർ എന്ന വിശേഷണത്തോടെ ആ റിപ്പോർട്ടിങ് ഇന്ത്യയിൽ വൈറലായി.
അതിന് ശേഷം എന്നെ കളിയാക്കിയവരും മാറ്റി നിർത്തിയവരും എല്ലാം വിളിച്ച് പ്രശംസിച്ചു. ഏറ്റവും അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും എനിക്ക് വന്ന ഒരു മെസേജ് ആണ്. അഭിനന്ദനങ്ങൾ, മുന്നോട്ട് പോകുക, ആശംസകൾ ഹേയ്ദി സാദിയ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ മെസേജ്. ആര് കാരണമാണോ എനിക്ക് പഠനം നിർത്തേണ്ടി വന്നത്, ആരായിരുന്നോ അന്ന് പ്രശ്നങ്ങളുണ്ടാക്കിയത് അവരായിരുന്നു അത്. നീ സർജ്ജറി കഴിഞ്ഞ് പെണ്ണാകും എന്ന് പറയുന്നത് ഒന്നും സാധ്യമായ കാര്യമല്ല.
അതിന് ശേഷം നീ തെരുവിൽ ഭിക്ഷ യാചിച്ചോ സെക്സ് വർക്കർ ആയോ ജീവിതം തള്ളി നീക്കേണ്ടി വരും, എച്ച് ഐ വി ബാധിച്ച് ആയിരിക്കും നിന്റെ മരണം എന്ന് പറഞ്ഞ് എന്നെ അകറ്റി നിർത്തിയവർ, ഇന്ന് പിഎസ്‌സി പരീക്ഷ എഴുതാൻ പോകുമ്പോൾ, അതിലെ ഒരു ചോദ്യത്തിന്റെ ഉത്തരമായി മാറാൻ എനിക്ക് പറ്റി. ഇത് എന്റെ മധുര പ്രതികാരമാണ്. എന്നെ പറയുന്നതിന് അല്ല, ഞാൻ അടങ്ങുന്ന എന്റെ കമ്യൂണിറ്റിയെ അധിക്ഷേപി്ക്കുകയും വിമർശിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും ഹെയ്ദി സാദിയ പറഞ്ഞു