ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.
ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
അതേസമയം, ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന്റെ ആ വേഷം ഈയിടയ്ക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു. നടൻ കൃഷ്ണ തനിക്ക് വന്ന ആ വേഷമാണ് കുഞ്ചാക്കോയ്ക്ക് പോയതെന്നും ആുടേയും കുറ്റമല്ല, സമയദോഷം മാത്രമാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കൃഷ്ണയുടെ ആ വാദങ്ങളുടെ നിജസ്ഥിതിയെ പറ്റിയും അനിയത്തിപ്രാവ് സിനിമയെ പറ്റിയും വിശദീകരിക്കുകയാണ് സംവിധായകൻ ഫാസിൽ.
അനിയത്തിപ്രാവിൽ അരയൻ ചെല്ലപ്പനെന്ന കഥാപാത്രമായത് ഇന്നസെന്റായിരുന്നു. നീല ഷർട്ടുമിട്ടാണ് അദ്ദേഹം നടക്കുന്നത്. പാക്കപ്പായതിന് ശേഷവും അദ്ദേഹം ലൊക്കേഷനിൽ നിന്നും പോയിരുന്നില്ല. ഷർട്ടും മാറ്റുന്നുണ്ടായിരുന്നില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ പെട്ടുപോയി, ഈ കഥാപാത്രം എന്നെ വിട്ട് പോവുന്നില്ലെന്ന് പറഞ്ഞിരുന്നെന്നും ഫാസിൽ വെളിപ്പെടുത്തുകയാണ്. അതേസമയം, ഇതേപോലെയുള്ളഅനുഭവം ഉണ്ടായതിനെക്കുറിച്ച് നെടുമുടി വേണുവും പറഞ്ഞിരുന്നുവെന്ന ഫാസിൽ പറയുന്നുണ്ട്..
കൂടാതെ കൃഷ്ണയുടെ തെറ്റിദ്ധാരണ തിരുത്തിയും ഫാസിൽ പ്രതികരിച്ചു. അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെയല്ലാതെ മറ്റാരേയും നോക്കിയിരുന്നില്ല. ചിത്രത്തിലേക്ക് കുഞ്ചാക്കോ ബോബനെ തിരഞ്ഞെടുത്തത് തന്റെ ഭാര്യയായിരുന്നുവെന്ന് ഫാസിൽ പറയുന്നു. അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം യോജിച്ച ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു.
അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.’ ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല. ബികോമിന് പഠിച്ചോണ്ടിരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. അവനെ ഇന്റർവ്യൂ ചെയ്തപ്പോൾ അവൻ തന്നെ മതിയെന്ന് ഞാനുറപ്പിച്ചിരുന്നു.- ഫാസിൽ തുറന്നുപറയുന്നു.
അതേസമയം, കൃഷ്ണയെ ഞാൻ ഹരികൃഷ്ണൻസിലേക്ക് വരുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ വന്നില്ലെങ്കിൽ കൃഷ്ണയെക്കൊണ്ട് അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. തിരക്കുകളുണ്ടായിരുന്നുവെങ്കിലും ചാക്കോച്ചൻ കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. ഇതേക്കുറിച്ചായിരിക്കും കൃഷ്ണ പറഞ്ഞതെന്നായിരുന്നു ഫാസിൽ വ്യക്തമാക്കിയത്. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.