മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയായി മലയാള സിനിമയിലേക്ക് എത്തിയ ചാക്കോച്ചന് ഇന്നും ആരാധികമാര്‍ ഏറെയാണ്. അടുത്തിടെ പദ്മിനി എന്ന സിനിമയുടെ പ്രോമോഷന് പരിപാടിയുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ മനഃപ്പൂര്‍വ്വം സിനിമയുടെ പ്രൊമോഷനില്‍ നിന്നും മാറി നിന്നതല്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും സിനിമ മാര്‍ക്കറ്റ് ചെയ്ത് വിജയിക്കുമ്പോള്‍ അതിന്റെ ഗുണം തനിക്കും ലഭിക്കുമല്ലോ എന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
ആ ഗുണം വേണ്ടെന്ന് വെക്കാന്‍ മാത്രം കോമണ്‍സെന്‍സ് ഇല്ലാത്ത ആളല്ല താന്‍. ആ ചിത്രത്തിന്റെ റിലീസ് സമയത്ത് നേരത്തെ കമ്മിറ്റ് ചെയ്ത ഒരു പരിപാടിയുമായി ബന്ധപ്പെട്ട് താന്‍ പുറത്തായിരുന്നുവെന്നും കൂടാതെ എച്ച് വണ്‍ എന്‍ വണ്‍ പിടിച്ച് കിടപ്പിലായിരുന്നുവെന്നും താരം പറയുന്നു.
ആ സിനിമയിലെ ഒരു അഭിനേത്രിയും തങ്ങള്‍ക്കൊപ്പം ലണ്ടനിലുണ്ടായിരുന്നു. ഒരു പടം വിജയിക്കുക എന്നതും വിജയിപ്പിക്കുക എന്നതും എല്ലാവരുടെയും ഭാഗത്ത് നിന്നും വരേണ്ട കാര്യമാണെന്നും പടം വിജയിച്ചാല്‍ അതിലെ ലീഡ് ആക്ടറിനാണ് കൂടുതല്‍ ഗുണം ലഭിക്കുന്നതെന്നും ചാക്കോച്ചന് പറയുന്നു.
താന്‍ ഒരു സിനിമയില്‍ ചെറിയ വേഷമാണ് ചെയ്തതെങ്കില്‍ പോലും ആ സിനിമ വിജയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ആ സിനിമ വിജയിക്കുമെങ്കില്‍ അതിന്റെ ഗുണം തനിക്കുമുണ്ടാവുമെന്നും പദ്മിനി സിനിമയുടെ മാര്‍ക്കറ്റിങ്ങിന് വേണ്ടി അതില്‍ താന്‍ പാട്ടുപാടിയിട്ടുണ്ടെന്നും അത് തന്റെ ആദ്യ അനുഭവമാണെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.